തിരുവനന്തപുരം : വടക്കൻ കേരളത്തിൽ ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത. ഈ സാഹചര്യത്തിൽ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വടക്ക് കിഴക്കൻ അറബികടൽ ന്യൂന മർദ്ദം തീവ്ര ന്യൂന മർദ്ദമായി ശക്തി പ്രാപിച്ചു. ഇത് വടക്ക് – വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കാനാണ് സാധ്യത. തുടർന്ന് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു ഒമാൻ തീരത്തേക്ക് നീങ്ങിയേക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ഒഡീഷ തീരത്ത് മറ്റൊരു ന്യൂന മർദ്ദം നിലനിൽക്കുന്നുണ്ട്.
മൺസൂൺ പാത്തി അതിന്റെ സാധാരണ സ്ഥാനത്ത് നിന്ന് തെക്കോട്ടു മാറി സജീവമായിരിക്കുന്നു, ഇന്ന് മുതൽ മൺസൂൺ പാത്തി വടക്കോട്ടു സഞ്ചരിക്കാനാണ് സാധ്യത. ഗുജറാത്ത് തീരം മുതൽ മഹാരാഷ്ട്ര വരെ ന്യുന മർദ്ദ പാത്തി നിലനിൽക്കുന്നുണ്ട്. ഇതിന്റെ ഫലമായാണ് കനത്ത മഴ ലഭിക്കുന്നത്.
നാളെയോടെ മഴ കുറഞ്ഞേക്കാനാണ് സാധ്യത. കേരളാ തീരത്ത് മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിന് തടസ്സമില്ല. എന്നാൽ ഉയർന്ന തിരമാലകൾക്ക് സാധ്യത ഉള്ളതിനാൽ തീരമേഖലയിൽ ഉള്ളവർ ജാഗ്രത പാലിക്കാനും നിർദ്ദേശമുണ്ട്.
Comments