പാലക്കാട്: കേരളത്തിലെ വനവാസി മേഖലകൾ ഇപ്പോഴും പിന്നാക്കമായി നിലനിൽക്കുകയാണെന്ന് കേന്ദ്ര ഗ്രാമ വികസന സഹമന്ത്രി ഫഗ്ഗൻ സിംഗ് കുലസ്തെ. വനവാസി ഗ്രാമങ്ങൾക്ക് പ്രത്യേക ശ്രദ്ധ കേന്ദ്ര സർക്കാർ നൽകുന്നുണ്ട്. സർക്കാരിന്റെ പദ്ധതികൾ വനവാസി പ്രദേശങ്ങളുടെ മുഖച്ഛായ തന്നെ മാറ്റുന്നുണ്ട്. അതേസമയം, കേരളത്തിലെ വനവാസി മേഖലകളിൽ പദ്ധതികൾ നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ വളരെ പിന്നിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
അട്ടപ്പാടിയിലെ സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ ആരംഭിക്കുന്ന മല്ലീശ്വര ട്രൈബൽ സ്പോർട്സ് ഹോസ്റ്റൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി ഫഗ്ഗൻ സിംഗ് കുലസ്തെ. കേന്ദ്രസർക്കാരിന് വനവാസി സമുദായത്തിന്റെ മേൽ പ്രത്യേക ശ്രദ്ധയുണ്ട്. സ്വാതന്ത്ര ലബ്ദിയുടെ അമൃത മഹോത്സവം ആചരിക്കുന്ന അവസരത്തിൽ വനവാസി സമുദായത്തിൽ നിന്നുള്ള ഒരു വനിതയെ ഭാരതത്തിന്റെ രാഷ്‌ട്രപതി സ്ഥാനത്തേയ്‌ക്ക് ഉയർത്തുന്നത് വനവാസി ജനതയോടുള്ള മോദി സർക്കാരിന്റെ പ്രത്യക ശ്രദ്ധയുടെ ഭാഗമാണെന്നും ഫഗ്ഗൻ സിംഗ് കുലസ്തെ പറഞ്ഞു.
വനവാസികൾക്ക് ദേശീയ നിലവാരത്തിൽ മത്സരിക്കാനും വിജയം കൈവരിക്കാനും പ്രത്യേക പരിശീലനവും ഭൗതിക സാഹചര്യങ്ങളും ലഭ്യമാക്കേണ്ടത് അനിവാര്യമാണ്. മല്ലീശ്വര വിദ്യാനികേതൻ സ്കൂളിൽ ആരംഭിക്കുന്ന കായിക പരിശീലന കേന്ദ്രം അതിന് സഹായകമാകുമെന്ന് കുലസ്തെ പറഞ്ഞു. ഒറ്റപ്പെട്ടതും ദുർഘടവുമായ പ്രദേശങ്ങളിൽ പോലും വനവാസി ജനങ്ങളുടെ ആവശ്യങ്ങൾക്ക് സമയോചിതമായ ഇടപെടൽ നടത്തുന്ന സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷന്റെ പ്രവർത്തനങ്ങൾ അഭിനന്ദനം അർഹിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
















Comments