പാരസിൻ: ഇന്ത്യയുടെ അഭിമാനമുയർത്തി യുവ ഗ്രാൻഡ്മാസ്റ്റർ ആർ പ്രഗ്നാനന്ദ. ശനിയാഴ്ച സെർബിയയിൽ നടന്ന പാരസിൻ ഓപ്പൺ ‘എ’ ചെസ്സ് ടൂർണമെന്റ് 2022 ൽ ആർ പ്രഗ്നാനന്ദ വിജയിച്ചു. ഒമ്പത് റൗണ്ടുകളിൽ നിന്ന് 8 പോയിന്റാണ് താരം നേടിയത്. കളിയിൽ ഒരിക്കൽ പോലും തോൽവി അറിയാതെയാണ് പ്രഗ്നാനന്ദ കളിയിൽ മുന്നിലെത്തിയത്.
7.5 പോയിന്റുമായി അലക്‌സാണ്ടർ പ്രെഡ്‌കെ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ 7 പോയിന്റുമായി കസാക്കിസ്ഥാൻ താരം അലിഷർ സുലൈമേനോവ് മൂന്നാം സ്ഥാനവും നേടി. രണ്ടാം സ്ഥാനം നേടിയ അലക്‌സാണ്ടർ പ്രെഡ്‌കെയോട് തോറ്റത് ഇന്ത്യൻ താരം മാസ്റ്റർ വി പ്രണവാണ്. മറ്റൊരു ഇന്ത്യൻ കളിക്കാരനായ ജിഎം അർജുൻ കല്യാൺ 6.5 പോയിന്റുമായി ഏഴാം സ്ഥാനത്തേയ്‌ക്ക് പിന്തള്ളപ്പെട്ടു.
പ്രഗ്നാനന്ദ തന്റെ ആദ്യ ആറ് കളികൾ വിജയിച്ച് മികച്ച ഫോമിലായിരുന്നു. ഏഴാം റൗണ്ടിൽ പ്രഗ്നാനന്ദയുമായി പ്രെഡ്‌കെ സമനില പിടിക്കുകയായിരുന്നു. എട്ടാം റൗണ്ടിൽ ഇന്ത്യൻ താരമായ ജിഎം അർജുൻ കല്യാണിനെ തോൽപിക്കുകയും ഒമ്പതാമത്തെയും അവസാനത്തെയും റൗണ്ടിൽ കസാക്കിസ്ഥാന്റെ അലിഷർ സുലൈമെനോവിനെതിരെ സമനില നേടിയതോടും കൂടി 8 പോയിന്റുമായി പ്രഗ്നാനന്ദ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയായിരുന്നു. ജൂലായ് 28 മുതൽ ചെന്നൈയിൽ നടക്കുന്ന 44-ാമത് ചെസ് ഒളിമ്പ്യാഡിൽ ഇന്ത്യൻ ടീമിന്റെ കരുത്താകും ആർ പ്രഗ്നാനന്ദ.
















Comments