പോത്തൻകോട്: ചെവിവേദനയെ തുടർന്ന് ചികിത്സ തേടിയയാളുടെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതായി പരാതി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സംഭവം. വെമ്പായം കൊഞ്ചിറ തീർത്ഥത്തിൽ രാജേന്ദ്രന്റെ(53) വലതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതായാണ് പരാതി. മെയ് 10ാം തിയതിയാണ് മെഡിക്കൽ കോളേജ് ഇഎൻടി വിഭാഗത്തിൽ രാജേന്ദ്രൻ ചികിത്സ തേടിയത്. ചികിത്സക്ക് ശേഷം മടങ്ങിയെങ്കിലും വേദന കുറയാത്തതിനാൽ വീണ്ടും ആശുപത്രിയിലെത്തി.
ഇയർ പാക്ക് ഇടണമെന്നാണ് പിന്നീട് ആശുപത്രിയിൽ നിന്ന് പറഞ്ഞത്. എന്നാൽ കൂട്ടിരിപ്പുകാർ ഇല്ലാത്തതിനാൽ തിരിച്ച് വിട്ടു. ജൂൺ ആറിന് വീണ്ടും ആശുപത്രിയിലെത്തി ഇയർപാക്ക് ഇട്ട ശേഷം മടക്കി വിട്ടു. എന്നാൽ ഇത് എപ്പോൾ മാറ്റണം എന്ന നിർദ്ദേശം കൊടുത്തിരുന്നില്ല. ഒരാഴ്ചയ്‌ക്ക് ശേഷം കടുത്ത പല്ലുവേദനയും കണ്ണിന് വേദനയും ഉണ്ടായി. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പോയി പല്ല് നീക്കം ചെയ്തു. എങ്കിലും വേദന മാറിയില്ല.
ശരീരത്തിന്റെ വലതു വശത്തും വേദന കൂടി. പിന്നാലെയാണ് വലതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടത്. ഇതോടെ ജനറലാശുപത്രിയിൽ കണ്ണിന് ചികിത്സ തേടി. ഇവർ വിദഗ്ധ ചികിത്സക്കായി ഇഎൻടി വിഭാഗത്തിലേക്ക് തന്നെ നിർദ്ദേശിച്ചു. തുടർന്ന് നടത്തിയ എംആർഐ സ്‌കാനിങ്ങിലാണ് ചെവിക്കുള്ളിലിട്ട ഇയർപാക്കും കണ്ണിലെ ഞരമ്പുകളും തമ്മിൽ ഞെരുങ്ങിയ നിലയിലാണെന്ന് കണ്ടെത്തിയത്.തുടർന്ന് ശസ്ത്രക്രിയയിലൂടെ ഇയർപാക്ക് പുറത്തെടുത്തു.
















Comments