ലക്‌നൗ: കഴുകൻമാരെ സംരക്ഷിക്കാൻ പദ്ധതിയുമായി ഉത്തർപ്രദേശ് സർക്കാർ. ലോകത്ത് കഴുകൻമാർ എണ്ണപ്പെടുന്നതിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ നീക്കം. കഴുകൻമാരെ സംരക്ഷിക്കുന്നതിനായി ഗോരഖ്പൂരിൽ പ്രജനനകേന്ദ്രമാണ് യുപി സർക്കാർ ആരംഭിച്ചിരിക്കുന്നത്. സെപ്റ്റംബർ മൂന്നിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും.

ഉത്തർപ്രദേശിലെ ഗോരഖ്പൂർ ഫോറസ്റ്റ് ഡിവിഷനിൽ സ്ഥിതിചെയ്യുന്ന മഹാരഞ്ച്ഗഞ്ചിലെ ഫരേന്ദയിലാണ് പദ്ധതിയുടെ ഭാഗമായി പ്രജനന കേന്ദ്രം രൂപീകരിച്ചത്. ഇതിനായി 1.06 കോടി രൂപ കൂടി യോഗി സർക്കാർ അനുവദിച്ചിരുന്നു. കഴുകൻമാരുടെ പ്രജനനകേന്ദ്ര പദ്ധതിക്കായി 2021ൽ 80 ലക്ഷം രൂപയായിരുന്നു വകയിരുത്തിയിരുന്നത്. ഗോരഖ്പൂർ നഗരത്തിന്റെ വികസനത്തിനും പ്രജനനകേന്ദ്രം സഹായകരമാകുമെന്നാണ് വിലയിരുത്തൽ.
‘ഇന്റർനാഷണൽ വൾച്ചർ അവെ്‌യർനെസ്സ് ഡേ’ കൂടിയായതിനാലാണ് സെപ്റ്റംബർ മൂന്നിന് തന്നെ പ്രജനന കേന്ദ്രം ഉദ്ഘാടനം ചെയ്യുന്നത്. ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയ്‌ക്കാണ് പദ്ധതിക്കാവശ്യമായ ഭൂമി കൈമാറിയിരിക്കുന്നത്. 15 വർഷത്തെ കരാറിനാണ് യോഗി സർക്കാർ ഒപ്പുവെച്ചിരിക്കുന്നത്.















