കൊല്ലം: നീറ്റ് പരീക്ഷ എഴുതാനെത്തിയ പെൺകുട്ടിയുടെ അടിവസ്ത്രം പരിശോധനയുടെ പേരിൽ അഴിപ്പിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. കൊല്ലം ആയൂരിലെ കോളേജിൽ പരീക്ഷ എഴുതാനെത്തിയ പെൺകുട്ടികളുടെ അടിവസ്ത്രം ഉദ്യോഗസ്ഥർ അഴിച്ചു പരിശോധിച്ചുവെന്നാണ് പരാതി.
കൊല്ലം റൂറൽ എസ് പി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. സംഭവം വിവാദമായതിനെ തുടർന്നാണ് നടപടി.
പരിശോധനകൾക്കെതിരെ സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും രംഗത്തെത്തി. ഇത്തരം പരിശോധന അപലപനീയമാണെന്ന് മന്ത്രി പറഞ്ഞു. പരീക്ഷാ നടത്തിപ്പിന് നിയോഗിച്ച ഏജൻസിയുടെ ഭാഗമായവരാണ് പരിശോധന നടത്തിയത്. ഏജൻസിയുടെ ഭാഗത്തുനിന്ന് വൻ പിഴവാണ് ഉണ്ടായിരിക്കുന്നതെന്നും ആർ ബിന്ദു കുറ്റപ്പെടുത്തി. സംഭവത്തിൽ സംസ്ഥാന സർക്കാരിന്റെ അതൃപ്തി കേന്ദ്ര മന്ത്രാലയത്തെ അറിയിക്കുമെന്നും അവർ പറഞ്ഞു.
നീറ്റ് പരീക്ഷയിൽ ക്രമക്കേടുകൾ തടയുന്നതിന്റെ ഭാഗമായിട്ടാണ് പരിശോധനകൾ കർശനമാക്കിയത്. വിദ്യാർത്ഥികൾക്ക് ഡ്രസ് കോഡ് ഉൾപ്പെടെ നിഷ്‌കർഷിച്ചിട്ടുമുണ്ട്.
Comments