ശ്രീനഗർ; കശ്മീരിൽ വൻ ഭീകരവേട്ട. അമർനാഥ് തീർത്ഥാടകരെ ആക്രമിച്ച ഫൈസൽ എന്നയാൾ ഉൾപ്പെടെ ഏഴ് ഭീകരരെ അറസ്റ്റ് ചെയ്തു. ജമ്മുവിലും രജൗരിയിലുമായി മൂന്ന് ഭീകരസംഘങ്ങളെയും ഇവരുടെ താവളവും സുരക്ഷാസേന നശിപ്പിച്ചു. അടുത്തിടെ സുരക്ഷാസേന നടത്തിയ ഏറ്റവും വലിയ ഭീകരവിരുദ്ധ നീക്കങ്ങളിൽ ഒന്നാണിത്.
ജമ്മുവിൽ ഒരു ഭീകര സങ്കേതവും രജൗരിയിൽ രണ്ട് സങ്കേതങ്ങളുമാണ് തകർത്തത്. ലഷ്‌കർ ഇ ത്വായ്ബ ഭീകരൻ ബഷീർ, ഹബീബ്, മിയാൻ സൊഹൈൽ, തുടങ്ങിയവരാണ് അറസ്റ്റിലായ മറ്റുളളവർ. ഇവരുടെ പ്രവർത്തനങ്ങളുടെ കേന്ദ്രബിന്ദു ആയിരുന്ന ജമ്മുവിലെ തലാബ് ഖാലി ഖാൻ സ്വദേശി ഫസൽ മുനീറിനെയും പിടികൂടിയിട്ടുണ്ട്. ദോഡ, കത്വ സ്വദേശികളും പിടിയിലായവരിൽ ഉണ്ട്.
ഡ്രോണുകൾ വഴി സ്‌ഫോടക വസ്തുക്കൾ ശേഖരിച്ച് പാകിസ്താനിൽ നിന്നുളള നിർദ്ദേശം അനുസരിച്ച് കശ്മീരിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുകയായിരുന്നു ഇവരുടെ ദൗത്യമെന്ന് പോലീസ് വെളിപ്പെടുത്തി. 2020 ജൂണിൽ ഡ്രോൺ വഴിയെത്തിയ സ്‌ഫോടക വസ്തുക്കൾ ഈ സംഘത്തിന്റേതായിരുന്നുവെന്നും ജമ്മു എഡിജിപി മുകേഷ് സിംഗ് പറഞ്ഞു.
രജൗരിയിൽ നിന്നും മഹോർ നിവാസിയായ കാസിം, ഇയാളുടെ സഹായി താലിബ് ഹുസൈൻ എന്നിവരെയാണ് പിടികൂടിയതെന്ന് മുകേഷ് സിംഗ് വെളിപ്പെടുത്തി. രണ്ട് കിലോയുടെയും അഞ്ച് കിലോയുടെയും ഐഇഡികളും മറ്റ് സ്‌ഫോടക വസ്തുക്കളും ഇവരിൽ നിന്നും പിടിച്ചെടുത്തു.
ജമ്മു സങ്കേതത്തിന്റെ സൂത്രധാരനായിരുന്നു ഫസൽ മുനീർ. കഴിഞ്ഞ ഒന്നര വർഷത്തോളമായി ഇവർക്ക് ഡ്രോൺ വഴി പല സാധനങ്ങളും ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. രാഷ്‌ട്രീയ റൈഫിൾസ് സേനാംഗങ്ങളും പോലീസും സംയുക്തമായിട്ടാണ് പരിശോധനകൾ നടത്തിയത്.
















Comments