ടോക്കിയോ: വലയിൽ കുടുങ്ങിയ കടലാമകളെ നിഷ്‌കരുണം കൊന്നൊടുക്കി മത്സ്യത്തൊഴിലാളി. സംരക്ഷിത വിഭാഗത്തിൽപ്പെട്ട അമ്പതോളം വരുന്ന ആമകളെയാണ് ജാപ്പനീസ് മത്സ്യത്തൊഴിലാളി കൊന്നൊടുക്കിയത്. തെക്കൻ ജാപ്പനീസ് ദ്വീപായ കുമൻജിമയിലാണ് സംഭവം. ടോക്കിയോയിൽ നിന്ന് 1,600 കി.മീ. അകലെയാണ് കുമൻജിമ ദ്വീപ് സ്ഥിതിചെയ്യുന്നത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് അമ്പതോളം വരുന്ന കടലാമകളെ കൊന്നൊടുക്കിയ നിലയിൽ അധികൃതർ കണ്ടെത്തിയത്. മിക്കവയും കഴുത്തരിഞ്ഞ നിലയിലായിരുന്നു. കൂട്ടത്തിൽ ചില ആമകളുടെ ജീവൻ അവശേഷിച്ചിരുന്നതായും അധികൃതർ പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രാദേശിക മത്സ്യത്തൊഴിലാളിയാണ് അക്രമത്തിന് പിന്നിലെന്ന് കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.
കടലാമകൾ പൊതുവെ സൗമ്യരായ ജീവികളാണെന്നും മനുഷ്യർ സമീപിക്കുമ്പോൾ അവ പതിയെ അകന്നുപോകാറുണ്ടെന്നും ദ്വീപിലെ കടലാമ സംരക്ഷണ കേന്ദ്രത്തിലെ മുതിർന്ന ജീവനക്കാരനായ യോഷിമിത്സു സുകാകോഷി അഭിപ്രായപ്പെട്ടു. അത്തരത്തിലുള്ള കടലാമകളോട് ഇപ്രകാരം ചെയ്തത് അതീവ ക്രൂരമായ പ്രവൃത്തിയാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
വലയിൽ ഇത്രയധികം ആമകളെ ഒരുമിച്ച് അതിന് മുമ്പ് കണ്ടിട്ടില്ലെന്നും വല ചീത്തയാകുമെന്ന് തോന്നിയപ്പോൾ തുടർന്നുണ്ടായ അമ്പരപ്പിൽ ചെയ്തുപോയതാണെന്നും മത്സ്യത്തൊഴിലാളി പ്രതികരിച്ചു. മത്സ്യത്തൊഴിലാളിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
അതേസമയം കടലാമകളുടെ എണ്ണം വർദ്ധിച്ചതായും ഇവ പലപ്പോഴും മത്സ്യബന്ധനത്തിന് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതായും പ്രാദേശിക മത്സ്യത്തൊഴിലാളികൾ അഭിപ്രായപ്പെട്ടു. മത്സ്യബന്ധന ബോട്ടുകൾ കൂട്ടിയിടിക്കാൻ പലപ്പോഴും കടലാമകൾ കാരണമായിട്ടുണ്ട്. മത്സ്യങ്ങളുടെ ആവാസകേന്ദ്രമായ കടൽപ്പുല്ല് തിന്നുനശിപ്പിക്കുകയും കടലാമകൾ ചെയ്യുന്നതായി പ്രാദേശിക മത്സ്യത്തൊഴിലാളികൾ പരാതി ഉയർത്തി.
















Comments