തിരുവനന്തപുരം: പരിസ്ഥിതി പ്രശ്നംമൂലം ഏറെ ദുരിതമനുഭവിക്കുന്നത് സമുദ്രവും സമുദ്രതീരത്തെ ജനങ്ങളുമാണെന്ന് പരിസ്ഥിതി സംരക്ഷണ സമിതി അഖിലേന്ത്യ കോർഡിനേറ്റർ ഗോപാൽ ജി ആര്യ. മത്സ്യബന്ധന തൊഴിലാളികളെയും ജീവജാലങ്ങളെയും സംരക്ഷിക്കാനായി എല്ലാവരും രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. സമുദ്രതീരങ്ങളെ പോളിത്തീൻ മുക്തമാക്കുന്നതിന്റെ ഭാഗമായി ആഗോള തലത്തിൽ നടക്കുന്ന സമുദ്രതീര ശുചീകരണയജ്ഞം സംഘാടകസമിതി രൂപീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സെപ്തംബർ 17 നാണ് ഇത്തവണത്തെ സമുദ്ര തീര ശുചീകരണ ദിനം.’ ശുചിത്വ സമുദ്രം സുരക്ഷിത സമുദ്രം’ എന്ന ആപ്തവാക്യമാണ് ശുചീകരണ പരിപാടിയ്‌ക്കായി കേന്ദ്രസർക്കാർ മുന്നോട്ട് വച്ചിരിക്കുന്നത്. ഇന്ത്യയൊട്ടാകെ 75000 കിലോമീറ്റർ സമുദ്രതീരമാണ് 75 ജില്ലകളിലായി വ്യാപിച്ചിരിക്കുന്നത്. കേരളത്തിൽ 589 കിലോമീറ്റർ സമുദ്രതീരമാണ് 9 റവന്യൂ ജില്ലകളിലായി വ്യാപിച്ചിരിക്കുന്നത്. ഓരോ കിലോമീറ്ററിലും സ്വാതന്ത്ര്യത്തിന്റെ 75ാം വർഷം പ്രമാണിച്ച് കുറത്തത് 75 സന്നദ്ധപ്രവർത്തകർ സൈനികർക്കൊപ്പം അണിചേരുവാനാണ് തീരുമാനം. സമുദ്രതീര മേഖലകളിലെ എല്ലാ പഞ്ചായത്തും കോർപ്പറേഷൻ ഡിവിഷനും വാർഡുമാണ് ശുചീകരണ സ്ഥലങ്ങൾ. ഇവിടം പ്രത്യേകം ഏറ്റെടുത്ത് സന്നദ്ധസംഘടനകളും ആരാധനാലയ സമിതികളും വിദ്യാലയങ്ങളും കമ്പനികളും പ്രമുഖ വ്യക്തികളും അണിചേരുമെന്നും ഗോപാൽ ജി ആര്യ പറഞ്ഞു.
ഡോ. എൻ പി ഇന്ദുചൂഡൻ അധ്യക്ഷത വഹിച്ചു. മുൻ ജലവകുപ്പ് ഡയറക്ടർ ഡോ. വി സുഭാഷ് ചന്ദ്രബോസ്, മുൻ ഐജി ഗോപിനാഥ്, സേതുനാഥ് മലയാലപ്പുഴ, പി രാജശേഖരൻ, അനീഷ് കരമന, രാജേഷ് ചന്ദ്രൻ, ഉദയനൻ നായർ എന്നിവർ സംസാരിച്ചു. എം എസ് ഫൈസൽഖാൻ ( ചെയർമാൻ), ഡോ. വി സുഭാഷ് ചന്ദ്രബോസ് ( വർക്കിംഗ് ചെയർമാൻ), സേതുനാഥ് മലയാലപ്പുഴ ( ജനറൽ കൺവീനർ) എന്നിവരടങ്ങിയ 101 അംഗ സംഘാടകസമിതിയും രൂപീകരിച്ചു.
















Comments