ഇന്ത്യയിൽ കൊറോണ പ്രതിരോധ കുത്തിവയ്പ്പുകളുടെ എണ്ണം 200 കോടി കടന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സ്. ശക്തമായ വാക്‌സിനേഷനിലൂടെ മഹാമാരിയുടെ ആഘാതം ലഘൂകരിച്ചതിന് കേന്ദ്ര സർക്കാരിനോടും ഇന്ത്യൻ വാക്‌സിൻ നിർമ്മാതാക്കളോടും ഗേറ്റ്‌സ് നന്ദി രേഖപ്പെടുത്തി.
‘200 കോടി വാക്‌സിനേഷനുകൾ നൽകിയതിന്റെ മറ്റൊരു നാഴികക്കല്ല് പിന്നിട്ടത്തിൽ പ്രധാനമന്ത്രി നരേന്ദമോദിക്ക് അഭിനന്ദനങ്ങൾ. ഇന്ത്യൻ വാക്സിൻ നിർമ്മാതാക്കളും ഇന്ത്യൻ സർക്കാരും കോവിഡ് 19 ന്റെ ആഘാതം ലഘൂകരിച്ചതിന് അവരുടെ തുടർച്ചയായ പങ്കാളിത്തത്തിന് ഞങ്ങൾ നന്ദിയുള്ളവരാണ്,’ മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ട്വീറ്റ് ചെയ്തു.
Congratulations @narendramodi for yet another milestone of administering #200crorevaccinations. We are grateful for our continued partnership with Indian vaccine manufacturers and the Indian government for mitigating the impact of COVID19. https://t.co/YeGUPsveL0
— Bill Gates (@BillGates) July 19, 2022
രാജ്യത്ത് നൽകുന്ന പ്രതിരോധ വാക്‌സിൻ ഡോസുകൾ ഞായറാഴ്ച 200 കോടി കവിഞ്ഞിരുന്നു. മഹാമാരിക്കെതിരായ വാക്‌സിനേഷൻ യജ്ഞത്തിൽ ഇന്ത്യ ഒരു പ്രധാന നാഴികക്കല്ല് പിന്നിട്ടു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, പ്രായപൂർത്തിയായവരിൽ 98 ശതമാനം പേർക്കും കുറഞ്ഞത് ഒരു ഡോസ് എങ്കിലും ലഭിച്ചിട്ടുണ്ട്. 90 ശതമാനം പേർ പൂർണ്ണമായും വാക്‌സിനേഷൻ എടുത്തിട്ടുണ്ട്.
രാജ്യത്ത് നൽകിയ വാക്‌സിൻ ഡോസുകൾ കഴിഞ്ഞ വർഷം ഒക്ടോബർ 21 ന് 100 കോടിയും ഈ വർഷം ജനുവരി 7 ന് 150 കോടിയും കടന്നു. കഴിഞ്ഞ വർഷം ജനുവരി 16 ന് രാജ്യവ്യാപകമായി വാക്‌സിനേഷൻ ഡ്രൈവ് ആരംഭിച്ചു, ആദ്യ ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്ക് കുത്തിവയ്പ്പ് നൽകി. മുൻനിര പ്രവർത്തകരുടെ വാക്‌സിനേഷൻ കഴിഞ്ഞ വർഷം ഫെബ്രുവരി 2 മുതലാണ് ആരംഭിച്ചത്.
Comments