ന്യൂഡൽഹി : പ്രശസ്ത മലയാളി കായിക താരം പിടി ഉഷ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭാദ്ധ്യക്ഷൻ വെങ്കയ്യ നായിഡുവിന്റെ സാന്നിദ്ധ്യത്തിൽ രാജ്യസഭാ ഹാളിൽ വെച്ച് നടന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ ചെയ്തത്. രാവിലെ 11 മണിയോടെയാണ് ചടങ്ങ് നടന്നത്. ഹിന്ദിയിലായിരുന്നു സത്യപ്രതിജ്ഞ.
കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ ഹിന്ദിയായത് കൊണ്ടാണ് ഹിന്ദിയിൽ സത്യപ്രതിജ്ഞ ചെയ്തത് എന്ന് പിടി ഉഷ പറഞ്ഞു. കായിക താരം എന്ന നിലയിൽ രാഷ്ട്രപതി രാംനാഥ് ഗോവിന്ദാണ് പിടി ഉഷയെ എംപി ആയി ശുപാർശ ചെയ്തത്. സുരേഷ് ഗോപിക്ക് ശേഷം രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട മലയാളിയാണ് പിടി ഉഷ.
സത്യപ്രതിജ്ഞ ചടങ്ങുകൾ കാണാൻ പിടി ഉഷയുടെ കുടുംബവും ഇന്ന് പാർലമെന്റിൽ ഉണ്ടായിരുന്നു. കായിക മേഖലയിലേക്ക് ഏറെ സംഭാവനകൾ നൽകാനാകുമെന്ന് സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ഇവർ പറഞ്ഞിരുന്നു.
Comments