കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിൽ വ്യാജമദ്യം കഴിച്ച് ആറ് പേർ മരിക്കുകയും ഇരുപതിലധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ചികിത്സയിൽ കഴിയുന്ന പലരുടെയും ആരോഗ്യനില ഗുരുതരമാണെന്നും മരണസംഖ്യ ഉയർന്നേക്കാമെന്നുമാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.
ചൊവ്വാഴ്ച രാത്രിയാണ് ആളുകൾ മദ്യപിച്ചത്. പിറ്റേന്ന് നേരം പുലരുമ്പോഴേക്കും മദ്യപിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ അുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തി ചികിത്സ തേടിയെങ്കിലും പലരും മരണത്തിന് കീഴടങ്ങി. ചിലർ വീട്ടിൽ വെച്ചുതന്നെ മരിച്ചതായും റിപ്പോർട്ടുകളുണ്ട്. നിലവിൽ ടിഎൽ ജയ്‌സ്വാൾ ആശുപത്രിയിലും ഹൗറ ആശുപത്രിയിലുമാണ് വ്യാജമദ്യം കഴിച്ചവർ ചികിത്സയിലുള്ളത്.
ഹൗറയിലെ പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരാൾ നിരോധിത മദ്യം വിൽക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഈ മദ്യശാലയ്‌ക്കെതിരെ പ്രദേശത്തെ സ്ത്രീകൾ പ്രതിഷേധവും ആരംഭിച്ചു. മദ്യശാല നടത്തിയരുന്ന പ്രതാപ് എന്നയാൾ നിലവിൽ ഒളിവിലാണ്.
സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് കൂടുതൽ വിശദാംശങ്ങൾ പിന്നീട് പുറത്തുവിടുമെന്നും പോലീസ് അറിയിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി അയച്ചിരിക്കുകയാണ്.
















Comments