ഈ സഹോദരിമാരുടെ ഗാനത്തിലുണ്ട് രാജ്യത്തിന്റെ ബഹുസ്വരത; തമിഴ് ദേശഭക്തി ഗാനം ആലപിച്ച അരുണാചലിലെ സഹോദരിമാരെ പ്രശംസിച്ച് പ്രധാനമന്ത്രി – PM Modi lauds Arunachali sisters singing patriotic Tamil song

Published by
Janam Web Desk

ന്യൂഡൽഹി: ദേശഭക്തി ഗാനം ആലപിക്കുന്ന അരുണാചൽ സഹോദരിമാരെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അരുണാചൽ പ്രദേശിൽ നിന്നുള്ള രണ്ട് സഹോദരിമാർ തമിഴ്-ദേശഭക്തി ഗാനം ആലപിക്കുന്ന വീഡിയോ പങ്കുവെച്ചാണ് പ്രധാനമന്ത്രി അഭിനന്ദനങ്ങളറിയിച്ചത്.

സഹോദരിമാരുടെ ഗാനാലാപനം കണ്ടതിൽ തനിക്ക് സന്തോഷവും അഭിമാനവുമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ‘ഏക ഭാരതം ശ്രേഷ്ഠ ഭാരതമെന്ന’ ദർശനത്തിന്റെ ചൈതന്യം വർധിപ്പിക്കുന്നതാണ് ഇവരുടെ ആലാപനമെന്നും അദ്ദേഹം പറഞ്ഞു.

അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവായിരുന്നു സഹോദരിമാരായ കും അഷാപ്‌മൈ ഡെല്ലാങ്, കും ബെഹെൽതി അമ എന്നിവരുടെ ദേശഭക്തിഗാനാലാപനം ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ ട്വീറ്റ് പങ്കുവെച്ച പ്രധാനമന്ത്രി അതീവ സന്തോഷം രേഖപ്പെടുത്തുകയായിരുന്നു. പ്രശസ്ത തമിഴ് കവിയും സ്വാതന്ത്ര്യ സമര സേനാനിയുമായ സുബ്രഹ്മണ്യ ഭാരതി രചിച്ച “പാരുക്കുള്ളെ നല്ല നാട്..” എന്ന ദേശഭക്തി ഗാനമാണ് സഹോദരിമാർ ആലപിച്ചത്. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് സഹോദരിമാരുടെ ദേശഭക്തിഗാനാലാപന പ്രകടനമുണ്ടായത്.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്നതിനായി കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ച ആഘോഷപരിപാടിയാണ് ആസാദി കാ അമൃത് മഹോത്സവ്. ഒരു വർഷം നീണ്ടുനിൽക്കുന്ന ഈ മഹോത്സവം 2023 ഓഗസ്റ്റ് 15-നാണ് സമാപിക്കുക.

Share
Leave a Comment