പാറ്റ്‌ന: ബിഹാറിൽ പോപ്പുലർഫ്രണ്ട് നേതാക്കൾക്കൊപ്പം രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. ജാമിയ മരിയ നിസ്വ മദ്രസയിലെ അദ്ധ്യാപകൻ അസ്ഗർ അലിയെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്. ഇയാളെ കൂടുതൽ ചോദ്യം ചെയ്യലിനായി പാറ്റ്നയിലേക്ക് കൊണ്ടുപോയി.
കേസുമായി ബന്ധപ്പെട്ട് മദ്രസയിൽ എൻഐഎ പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അസ്ഗർ അലിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാൾക്കൊപ്പം മദ്രസയിലെ ജീവനക്കാരായ രണ്ട് പേരെ കൂടി എൻഐഎ കസ്റ്റഡിയിൽ എടുത്തിരുന്നു. എന്നാൽ ഇവരെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. അസ്ഗർ അലിയുടെ ലാപ്‌ടോപ്പും മൊബൈൽ ഫോണും അന്വേഷണ സംഘം പിടിച്ചെടുത്തു.
രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് പോപ്പുലർഫ്രണ്ട് പ്രവർത്തകരായ അതാർ പർവേസ്, മുഹമ്മദ് ജലാലുദ്ദീൻ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എൻഐഎ മദ്രസയിൽ പരിശോധന നടത്തിയത്. നിലവിൽ രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് എൻഐഎ അന്വേഷണം നടത്തുന്നത്.
വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഒന്നാമത്തെ സംഘമാണ് മദ്രസയിൽ എത്തി പരിശോധന നടത്തിയത്. ഇതിനിടെ രണ്ടാമത്തെ സംഘം ഇയാളുടെ വീട്ടിൽ എത്തി പരിശോധന നടത്തിയിരുന്നു. വീട്ടിൽ നിന്നും അഞ്ച് ബാഗുകളിലായി സൂക്ഷിച്ച പുസ്തകങ്ങൾ എൻഐഎ കണ്ടെടുത്തു. പരിശോധിക്കാനായി ഇതും പാറ്റ്‌നയിൽ എത്തിച്ചിട്ടുണ്ട്.
















Comments