തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിലെ മാദ്ധ്യമ പ്രവർത്തകൻ വിനു വി ജോണിനെതിരെ കള്ളക്കേസ് എടുത്ത പോലീസിന്റെയും സംസ്ഥാന സർക്കാരിന്റെയും നടപടി ഫാസിസമെന്ന് തിരുവനന്തപുരം പ്രസ് ക്ലബ്. വിനു വി ജോണിനെതിരേ കള്ളക്കേസെടുത്ത് പാസ്പോർട്ട് പോലും നിഷേധിക്കാനുള്ള കേരള പോലീസിന്റെ നീക്കത്തെ ശക്തമായി അപലപിക്കുന്നുവെന്നും പ്രസ് ക്ലബ് പ്രസ്താവനയിൽ വ്യക്തമാക്കി.
ഒരു ഭരണകക്ഷി നേതാവിനെതിരേ വാർത്താ അവതരണത്തിനിടയിൽ പരാമർശം നടത്തിയതിനാണ് ഫാസിസ്റ്റ് സ്വഭാവമുള്ള ഈ വേട്ടയാടൽ. രാജ്യവ്യാപക ഹർത്താലുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്ന അക്രമങ്ങൾക്കെതിരായ ചാനൽ ചർച്ചയ്‌ക്കിടെ എളമരം കരീം എം പിയ്‌ക്കെതിരെ നടത്തിയ പരാമർശങ്ങളുടെ പേരിലാണ് വിനു വി ജോണിനെതിരേ പോലീസ് കേസെടുത്തതും പ്രതികാര നടപടികൾക്ക് തയ്യാറാകുന്നതും. കേസെടുത്ത വിവരം വിനുവിനെ അറിയിക്കാന്‍ പോലും പോലീസ് തയ്യാറായില്ലെന്നും പ്രസ്താവനയിൽ പറയുന്നു.
മാദ്ധ്യമ സ്വാതന്ത്ര്യവും പൗരാവകാശവുമൊക്കെ തകർക്കുന്ന ഹീനമായ നീക്കമാണ് പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. ഭരണകക്ഷി നേതാക്കളുടെ താത്പര്യങ്ങൾക്ക് വഴങ്ങി മാധ്യമ പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കി നിശബ്ദരാക്കാനുള്ള നീക്കത്തിൽ നിന്നും പോലീസും സർക്കാരും പിന്മാറണം. വിനു വി ജോണിനെതിരായ കള്ളക്കേസ് പിൻവലിക്കാനും മാദ്ധ്യമ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കാനും സർക്കാർ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മാദ്ധ്യമ പ്രവർത്തകർ മുന്നോട്ടു പോകുമെന്നും തിരുവനന്തപുരം പ്രസ് ക്ലബ് അറിയിക്കുന്നു.
Comments