അട്ടപ്പാടി: അട്ടപ്പാടി മധുകേസിൽ കഴിഞ്ഞ ദിവസം മൊഴി മാറ്റി പറഞ്ഞ വനം വകുപ്പിലെ വാച്ചറെ പിരിച്ചുവിട്ടു. മുക്കാലി ഫോറസ്റ്റ് സ്റ്റേഷനിലെ താത്കാലിക വാച്ചറായ അനിൽ കുമാറിനെയാണ് പിരിച്ച് വിട്ടത്. മധു കേസിലെ പന്ത്രണ്ടാം സാക്ഷിയായിരുന്നു അദ്ദേഹം. പോലീസിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് നേരത്തെ രഹസ്യമൊഴി നൽകിയതെന്നും മധുവിനെ നേരിൽ അറിയില്ലെന്നുമാണ് അനിൽ കുമാർ കോടതിയെ അറിയിച്ചത്.
പതിനാലാം സാക്ഷിയായ ആനന്ദനും കേസിൽ കൂറു മാറിയതോടെ കേസിൽ മൊഴിമാറ്റി പറഞ്ഞവരുടെ എണ്ണം നാലായി. നേരത്തെ 11 ഉം 11 ഉം സാക്ഷികളും കൂറു മാറിയിരുന്നു. കൂറുമാറ്റം തടയുക എന്ന ലക്ഷ്യത്തോടെ പോലീസ് സംരക്ഷണമേർപ്പെടുത്തിയിരുന്നു. സാക്ഷികളെ ഒളിവിൽ പാർപ്പിച്ചാണ് മൊഴിമാറ്റി പറയാൻ പ്രേരിപ്പിക്കുന്നതെന്ന് മധുവിന്റെ കുടുംബം അഭിപ്രായപ്പെട്ടിരുന്നു.
മൊഴി മാറ്റി പറയാതിരിക്കാൻ സാക്ഷികൾ പണം ആവശ്യപ്പെട്ടെന്ന് മധുവിന്റെ സഹോദരി സരസു പറഞ്ഞു. അനിൽ കുമാർ കൂടി കൂറുമാറിയതോടെ കേസിൽ നിന്ന് പിൻമാറാൻ സമ്മർദ്ദം നേരിടുന്നതായി പരാതി നൽകിയിരുന്നു. അട്ടപ്പാടിയിൽ കഴിയാൻ ഭീഷണി നേരിടുന്നതായും മണ്ണാർക്കാടിലേക്ക് താമസം മാറ്റാൻ ആലോചിക്കുന്നതായും കുടുംബം അറിയിച്ചു. 2018 ഫെബ്രുവരി 22 നാണ് അക്രമികൾ മധുവിനെ അടിച്ചു കൊലപ്പെടുത്തിയത്.
Comments