ഡബ്ലിൻ: മതനിന്ദ ആരോപിച്ച് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കൈ വെട്ടിയ തൊടുപുഴ ന്യൂമാൻ കോളേജിലെ അദ്ധ്യാപകൻ ടി ജെ ജോസഫിനോട് ക്ഷമ പറഞ്ഞ് ഐറിഷ് സിറോ മലബാർ സമൂഹം. ജോസഫ് മാഷിന് നൽകിയ സ്വീകരണത്തിലായിരുന്നു ക്ഷമാപണം. ജൂലൈ 17ന് നടന്ന ചടങ്ങിലായിരുന്നു ക്ഷമാപണം നടത്തിയത്.
2010ൽ നടന്ന സംഭവം തന്റെ ജീവിതത്തെ എങ്ങനെ മാറ്റി മറിച്ചുവെന്നും തന്റെ കുടുംബത്തെ എങ്ങനെ ബാധിച്ചുവെന്നും ജോസഫ് മാഷ് സദസ്സിനോട് വിശദീകരിച്ചു. എല്ലാവിധത്തിലും തന്റെ കുടുംബം തകർന്നു പോയെന്ന് അദ്ദേഹം പറഞ്ഞു. അന്നത്തെ സംഭവത്തിൽ കോളേജ് മാനേജ്‌മെന്റ് എന്തുകൊണ്ട് അങ്ങനെയൊരു നടപടിയെടുത്തുവെന്ന് തനിക്കറിയില്ലെന്നും മാഷ് വ്യക്തമാക്കി.
മതതീവ്രവാദികൾ ജോസഫ് മാഷിനെ ശാരീരികമായി ആക്രമിച്ചപ്പോൾ സഭാ നേതൃത്വം മാനസികമായി അക്രമിക്കുകയായിരുന്നുവെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ജോർജ്ജ് പാലിശ്ശേരി പറഞ്ഞു. വിവേകമില്ലാത്ത തലകൾ മുറിച്ചു മാറ്റപ്പെടട്ടെയെന്നു ഒരു പുരോഹിതൻ ലേഖനമെഴുതിയപ്പോൾ മൗനം പാലിച്ച നേതൃത്വം, സഭയിലെ പീഡനങ്ങൾ കണ്ടില്ലെന്നു നടിക്കുകയും നേതൃത്വത്തിന്റെ തെറ്റുകളെ ന്യായീകരിക്കുകയും ചെയ്യുന്ന വിവേകമാണോ വിശ്വാസികളിൽ വളർത്താൻ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
സഭയും സർക്കാരും സമൂഹവും നോക്കുകുത്തികളായ ദൗർഭാഗ്യകരമായ സംഭവത്തിൽ, കൂട്ടായ്മ ട്രഷറർ ലൈജു ജോസഫ് ചൊല്ലിക്കൊടുത്ത മാപ്പ് എല്ലാവരും ഏറ്റു ചൊല്ലി. ഒരു കത്തോലിക്ക വിശ്വാസി സ്വന്തം നിലയ്‌ക്ക് സ്വീകരിക്കുന്ന വിവാഹമെന്ന കൂദാശ പോലും പണത്തിനും അധികാര പ്രയോഗത്തിനുമുള്ള മാർഗ്ഗമായി ദുരുപയോഗിച്ചാൽ പുരോഹിതരെ എങ്ങനെയാണ് അടുത്ത തലമുറ അംഗീകരിക്കുകയെന്ന് സഭാനേതൃത്വം ചിന്തിക്കണമെന്ന് ചടങ്ങിൽ സംസാരിച്ച ജോസൻ ജോസഫ് പറഞ്ഞു.
അമിതമായി സ്ഥാപനവൽക്കരിക്കപ്പെട്ട സഭയിൽ പണത്തിനും അധികാരത്തിനും സ്ഥാനമാനങ്ങൾക്കും വേണ്ടിയുള്ള വടം വലിയാണ് പല പ്രശ്‌നങ്ങൾക്കും മൂലകാരണമെന്ന് തുടർന്ന് സംസാരിച്ച ബിനു തോമസ് പറഞ്ഞു. പുരോഹിതർക്ക് തെറ്റു ചെയ്യാനുള്ള പിന്തുണ ലഭിക്കുന്നത് വിശ്വാസികളിൽ തന്നെയുള്ള ചിലരിൽ നിന്നാണെന്നാണ് അടുത്തകാലത്ത് സഭ ഒന്നടങ്കം നാണംകെടാനിടയാക്കിയ സംഭവങ്ങൾ തെളിയിക്കുന്നത്. അതിൽ നിന്നും പാഠമുൾക്കൊണ്ടു തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നവരെ സഭാവിരോധികളായി ചിത്രീകരിക്കുന്നത് അവസാനിപ്പിക്കണമെന്നും സഭാസ്നേഹികളെന്നു നടിക്കുന്നവരാണ് സഭയെ നശിപ്പിക്കുന്നതെന്നും മനസ്സിലാക്കാനുള്ള വിവേകം മെത്രാന്മാർക്ക് ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻകാലങ്ങളിലേതുപോലെ വിശ്വാസികളെ ഒറ്റപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും കാര്യങ്ങൾ നടത്തുന്ന രീതി ഇനിയുണ്ടാകരുതെന്നും അതിനായി എല്ലാ വിശ്വാസികളും ഒരുമിക്കണമെന്നും പരിപാടിയുടെ കോർഡിനേറ്റർ സാജു ചിറയത്ത് അഭിപ്രായപ്പെട്ടു.
2010 ജൂലൈ നാലിനാണ് മൂവാറ്റുപുഴ നിർമ്മല കോളേജിന് സമീപം വെച്ച് തൊടുപുഴ ന്യൂമാൻ കോളേജിലെ അദ്ധ്യാപകനായിരുന്ന പ്രൊഫസർ ടി ജെ ജോസഫിന്റെ വലത് കൈപ്പത്തി, മതനിന്ദ ആരോപിച്ച് പോപ്പുലർ ഫ്രണ്ട്- എസ്ഡിപിഐ പ്രവർത്തകർ വെട്ടി മാറ്റിയത്. അദ്ധ്യാപകൻ തയ്യാറാക്കിയ ചോദ്യ പേപ്പറിൽ പ്രവാചക നിന്ദയുണ്ടെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ആക്രമണം ആസൂത്രണം ചെയ്ത കുഞ്ഞുണ്ണിക്കര എം കെ നാസർ, അക്രമി സംഘത്തെ നയിച്ച അശമന്നൂർ സവാദ്, വിദേശത്തുള്ള നാസർ എന്നീ പ്രതികളെ ഇപ്പോഴും പിടികൂടാനായിട്ടില്ല.
















Comments