കൊച്ചി: ലൈഫ് മിഷൻ അഴിമതിക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറെ ചോദ്യം ചെയ്യാൻ ഒരുങ്ങി സിബിഐ. രണ്ടാം ഘട്ട മൊഴിയെടുക്കലിനായി സ്വപ്‌ന സുരേഷിനെ ഇന്ന് കൊച്ചിയിലെ സിബിഐ ഓഫീസിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. കേസിലെ മറ്റൊരു പ്രതിയായ സന്ദീപ് നായരുടെ മൊഴിയെടുക്കൽ പൂർത്തിയായിരുന്നു.
സന്ദീപ് നായരുടെയും കരാറുകാരനായ യൂണിടാക് ഉടമ സന്തോഷ് ഈപ്പന്റെയും മൊഴികളിൽ കൂടുതൽ വ്യക്തത വരുത്തുന്നിതിനാണ് സ്വപ്നയെ ഇന്ന് വിളിപ്പിച്ചിരിക്കുന്നത്. ഇതിനുശേഷം അടുത്ത ഘട്ടമായിട്ടാണ് ശിവശങ്കറിലേക്ക് നീങ്ങുന്നത്.
ലൈഫ് മിഷൻ ഇടപാടിലെ കോഴ, ശിവശങ്കറിന്റെ പൂർണ്ണ അറിവോടെയായിരുന്നു എന്നാണ് സ്വപ്ന സിബിഐയോട് വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിന് പിന്നാലെ സാമ്പത്തിക ഇടപാടിന്റെ മുഴുവൻ രേഖകളും സിബിഐ ശേഖരിച്ചിരുന്നു.
കഴിഞ്ഞ ദിവസം സ്വപ്‌ന പ്രതിയായ സ്വർണ്ണക്കടത്ത് കേസ് കേരളത്തിൽ നിന്ന് മാറ്റാൻ ഇഡി ട്രാൻസ്ഫർ ഹർജി നൽകിയിരുന്നു. ബംഗളൂരുവിലെ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റണമെന്നാണ് ആവശ്യം. ഇഡിയുടെ കൊച്ചി സോൺ അസിസ്റ്റന്റ് ഡയറക്ടറാണ് സുപ്രീം കോടതിയിൽ ട്രാൻസ്ഫർ ഹർജി നൽകിയത്. വിചാരണ സംബന്ധിച്ച കാര്യങ്ങളിൽ സാക്ഷികളെ അട്ടിമറിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് കേസ് ബംഗളൂരുവിലേക്ക് മാറ്റണമെന്ന ആവശ്യമുയർന്നത്. സംസ്ഥാന സർക്കാർ സാക്ഷികളെ സ്വാധീനിച്ചേക്കാമെന്ന് ആശങ്കയുള്ളതായി ഇഡി നൽകിയ ഹർജിയിൽ വ്യക്തമാക്കുന്നു.
















Comments