കണ്ണൂർ: വിലക്ക് ലംഘിച്ച് കേരളത്തിലേക്ക് കടത്തിയ പന്നിയിറച്ചി പിടികൂടി. പിഗ് ഫാർമേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് അനധികൃതമായി കടത്തിയ പന്നിയിറച്ചി പിടികൂടിയത്. ഇവ മൃഗസംരക്ഷണ വകുപ്പിനെ സംഘം ഏൽപ്പിച്ചു. വിലക്ക് മറികടന്ന് കണ്ണൂർ കൂട്ടുപുഴ വഴി കേരളത്തിലേക്ക് കടത്തിയ ഇറച്ചിയാണ് ഫാർമേഴ്‌സ് അസോസിയേഷൻ പിടികൂടി കൈമാറിയത്. പന്നികളിൽ ആഫ്രിക്കൻ സൈ്വൻ ഫ്‌ളൂ (African swine fever) പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിലായിരുന്നു പന്നിയിറച്ചിക്ക് വിലക്ക് ഏർപ്പെടുത്തിയത്.
കൂട്ടുപുഴയിലെ ഒരു ഇറച്ചിക്കടയിൽ നിന്നാണ് പന്നിയിറച്ചിയെത്തിയ വാഹനമടക്കം പിടികൂടിയത്. ഇവർ ഇറച്ചിക്കടകളിൽ കിലോയ്‌ക്ക് 150 രൂപയ്‌ക്ക് നൽകാനായിരുന്നു ലക്ഷ്യമിട്ടത്. വിപണിയിൽ ഇത് 300 രൂപയ്‌ക്ക് വിറ്റഴിക്കും. രാജ്യത്തിന്റെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഉൾപ്പെടെ വിവിധയിടങ്ങളിൽ വളർത്തുന്ന പന്നികളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു. തുടർന്ന് മുൻകരുതൽ നടപടികളുടെ ഭാഗമായി കേരളത്തിലേക്ക് പന്നികളെ കൊണ്ടുവരുന്നതിനും സംസ്ഥാനത്ത് നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നതിനും വിലക്കേർപ്പെടുത്തി. പന്നി മാംസം, പന്നിമാംസ ഉൽപന്നങ്ങൾ, പന്നിയുടെ കാഷ്ഠം എന്നിവയും വിതരണം ചെയ്യരുതെന്ന് അറിയിച്ചിരുന്നു. ഒരു മാസത്തേക്കാണ് വിലക്കേർപ്പെടുത്തിയിട്ടുള്ളത്.
റോഡ്, റെയിൽ, വ്യോമ മാർഗം വഴി സംസ്ഥാനത്തേക്കോ, സംസ്ഥാനത്ത് നിന്ന് പുറത്തേക്കോ കടത്താൻ പാടില്ലെന്നാണ് നിർദേശം. കേന്ദ്ര മൃഗസംരക്ഷണ വകുപ്പിൽ നിന്നും നിർദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി. കേരളത്തിൽ രോഗം റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ പന്നിയിച്ചിക്ക് ഇവിടെ വിലക്കില്ല. മാരകവും അതീവ ഗുരുതരവുമായ പകർച്ചവ്യാധിയാണ് ആഫ്രിക്കൻ പന്നിപ്പനിയെങ്കിലും ഇവ മനുഷ്യരിലേക്ക് പകരുകയില്ല.
Comments