തൊടുപുഴ : മദ്യപിച്ച ശേഷം കെജിഎഫ് സിനിമയിലെ അധീരയുടെ കഥാപാത്രമായി സങ്കൽപിച്ച് ഭാര്യയെ മർദ്ദിച്ച യുവാവ് അറസ്റ്റിൽ. ഇടുക്കി അണക്കര പുല്ലുവേൽ സ്വദേശി ജിഷ്ണു ദാസിനെ (27) ആണ് വണ്ടന്മേട് പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയെ കൈയ്യിൽ ധരിച്ചിരുന്ന വലിയ മോതിരം കൊണ്ട് ഇടിച്ച് പരിക്കേൽപ്പിക്കുകയും അതിക്രൂരമായി മർദ്ദിക്കുകയുമായിരുന്നു.
ജെസിബി ഡ്രൈവറാണ് ജിഷ്ണു. താൻ അധീരയാണെന്ന് പറഞ്ഞായിരുന്നു ഇയാളുടെ ആക്രമണം. കഴുത്തിന് കുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊല്ലാനും ശ്രമിച്ചിരുന്നു. വിവരം അറിഞ്ഞ് ഭാര്യാ പിതാവ് എത്തിയെങ്കിലും അദ്ദേഹത്തിന്റെ മുന്നിൽ വെച്ചും ഇയാൾ സ്വന്തം ഭാര്യയെ മർദ്ദിച്ചു. ഇതിന് പിന്നാലെയാണ് പോലീസിൽ പരാതി നൽകിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് എത്തി ഇയാളെ പൊക്കിയെടുത്ത് ജീപ്പിലിട്ട് കൊണ്ടുപോയി. വധശ്രമം ഉൾപ്പെടെയുള്ള കേസുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
Comments