കൊച്ചി ; വധശ്രമക്കേസിൽ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയ്‌ക്ക് ഇടക്കാല ജാമ്യം. പരീക്ഷ എഴുതാനാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. നാളെ മുതൽ ഓഗസ്റ്റ് 3 വരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. 25000 രൂപയുടെ ബോണ്ടടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം.
ഹാൾ ടിക്കറ്റ് നൽകിയ സാഹചര്യത്തിൽ പരീക്ഷ എഴുതട്ടെ എന്നാണ് കോടതി പറഞ്ഞത്. എന്നാൽ ഹാജർ നില പൂജ്യമായിട്ടും സെമസ്റ്റർ പരീക്ഷയ്‌ക്ക് ആർഷോയ്‌ക്ക് ഹാൾ ടിക്കറ്റ് അനുവദിച്ചതിനെതിരെ യൂത്ത് കോൺഗ്രസ് പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഗവർണർക്കാണ് പരാതി നൽകിയിരിക്കുന്നത്.
മഹാരാജാസ് കോളേജിലെ ഇടത് അനുകൂല അദ്ധ്യാപകരാണ് ഹാൾ ടിക്കറ്റ് അനുവദിച്ചതിന് പിന്നിൽ എന്നാണ് ആരോപണം. ഹാജർനില പൂജ്യമുള്ള ആർഷോയ്‌ക്ക് എങ്ങനെ ഹാൾ ടിക്കറ്റ് നൽകാനാകും എന്നാണ് ചോദിക്കുന്നത്. നാൽപ്പതോളം കേസുകളിൽ പ്രതിയായ ആർഷോയ്‌ക്ക് വ്യാജ രേഖയുണ്ടാക്കിയാണ് ഹാജർ സർട്ടിഫിക്കേറ്റ് നൽകിയത് എന്നും പരാതിയിലുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി വൈ ഷാജഹാനാണ് പരാതി നൽകിയിരിക്കുന്നത്.
Comments