ലോക്ക്ഡൗൺ കാലത്ത് ഏറെ പ്രതിസന്ധികളെ മറികടന്ന് സൂര്യ നായകനായി എത്തിയ ചിത്രമായിരുന്നു സൂരറൈ പോട്ര്. തെന്നിന്ത്യൻ സൂപ്പർതാരമായ സൂര്യയുടെ കരിയറിലെ തന്നെ മികച്ച സിനിമയായി സൂരറൈ പോട്ര് രേഖപ്പെടുത്തിയപ്പോൾ ചിത്രത്തിൽ ബൊമ്മിയായെത്തിയ മലയാളി നടി അപർണ ബാലമുരളിയുടെ പ്രകടനവും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. അപർണയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമെന്നായിരുന്നു ബൊമ്മിയെ ഏവരും വിലയിരുത്തിയത്. കണക്കുക്കൂട്ടലുകൾ തെറ്റിക്കാതെ ഇന്ന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും (National Award 2022) ബൊമ്മിയെ തേടിയെത്തി. യുവനടിയായ അപർണയ്‌ക്ക് തമിഴ് സിനിമയിലൂടെ ലഭിച്ച ഈ ആദരം ഓരോ മലയാളിക്കും, മലയാളി ചലച്ചിത്ര മേഖലയ്‌ക്കും അഭിമാനമാകുകയാണ്.
സൂരറൈ പോട്ര് അഭ്രപാളിയിലെത്തി മികച്ച പ്രതികരണങ്ങൾ നേടിയപ്പോൾ ബൊമ്മിയ്‌ക്കായി സ്വീകരിച്ച തന്റെ കഷ്ടപ്പാടും കഠിനാധ്വാനവും അപർണ വെളിപ്പെടുത്തിയിരുന്നു. ഏറെ നാളത്തെ പരിശീലനങ്ങൾക്കും തയ്യാറെടുപ്പുകൾക്കുമൊടുവിലായിരുന്നു തമിഴ് ഭാഷയെ മധുരൈ ശൈലിയിൽ അപർണ ബാലമുരളി അവതരിപ്പിച്ചത്. ബൊമ്മിയിലേക്കുള്ള വേഷപ്പകർച്ചയ്‌ക്കായി അപർണ നടത്തിയ മാസങ്ങൾ നീണ്ട പ്രയാണം വലിയ ചർച്ചയുമായിരുന്നു. കരുത്തുറ്റവളും നിർഭയയും പുരുഷനൊപ്പം തോളോട് തോൾ നിൽക്കുന്നവളുമായ ബൊമ്മിയെ പ്രേക്ഷകർ ഹൃദയത്തോട് ചേർത്തുവെച്ചപ്പോൾ അപർണയ്‌ക്ക് നൂറിരട്ടി മധുരമാകുകയാണ് ഈ ദേശീയ പുരസ്‌കാരം.
സൂരറൈ പോട്ര് പ്രേക്ഷകർക്ക് മുമ്പിലെത്തിച്ച സംവിധായിക സുധാ കൊങ്കാരയ്‌ക്കാണ് ഏറ്റവുമധികം നന്ദിയറിയിക്കാനുള്ളതെന്നായിരുന്നു പുരസ്‌കാര നേട്ടത്തിന് പിന്നാലെ അപർണ ബാലമുരളി പ്രതികരിച്ചത്. ഒരു അഭിനേത്രിയെന്ന നിലയിൽ ഏറെ വെല്ലുവിളി നിറഞ്ഞ ഒരു കഥാപാത്ത്രതിനായി സജ്ജമാകാൻ സംവിധായിക സമയം നൽകുകയും അവർ തന്നിൽ അർപ്പിച്ച വിശ്വാസമാണ് ഇന്ന് ഈ നേട്ടത്തിന് അർഹയാക്കിയതെന്നും അപർണ പ്രതികരിച്ചു.
ഒരു സെക്കൻഡ് ക്ലാസ് യാത്ര എന്ന മലയാള ചിത്രത്തിലൂടെ സിനിമയിലെത്തിയ അപർണയുടെ കരിയർ മാറ്റിമറിച്ചത് രണ്ടാമത്തെ ചിത്രമായ മഹേഷിന്റെ പ്രതികാരമായിരുന്നു. ജിംസിയെന്ന കഥാപാത്രത്തെ തന്മയത്വത്തോടെ അവതരിപ്പിച്ച പുതുമുഖ നടി, പിന്നീട് നിരവധി ചിത്രങ്ങളിലൂടെ വീണ്ടും മലയാളികൾക്ക് പ്രിയങ്കരിയായി മാറി. ഒടുവിൽ സിനിമയിലെത്തി നാലാം വർഷം പിന്നിടുമ്പോഴാണ് ദേശീയ പുരസ്‌കാരത്തിന് അർഹയാക്കിയ സൂരറൈ പോട്ര് അപർണയെ തേടിയെത്തുന്നത്. അപർണയുടെ മൂന്നാമത്തെ തമിഴ് ചിത്രമായിരുന്നു നടൻ സൂര്യയോടൊപ്പമുള്ള സൂരറൈ പോട്ര്. തെന്നന്ത്യയിലെ വിവിധ ഭാഷകളിലായി 17-ഓളം ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയ അപർണ ബാലമുരളി പിന്നണി ഗാനരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
Comments