ജോഷി-സുരേഷ് ഗോപി ചിത്രം പാപ്പനിലെ റിലീസ് ട്രെയിലർ പുറത്തിറങ്ങി. സുരേഷ് ഗോപി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ‘പാപ്പൻ’. ആരാധകരുടെ കാത്തിരിപ്പിന് ആവേശം കൂട്ടുന്നതാണ് ഇന്ന് പുറത്തിറങ്ങിയ പുതിയ ട്രെയിലർ. മാസ്സ് ഫാമിലി ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ജൂലൈ 29നാണ് പുറത്തിറങ്ങുന്നത്. റിലീസിന് മുന്നോടിയാണ് പുതിയ ട്രെയിൽ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. ഇതിന് മുമ്പ് വന്ന ട്രെയിലറിനും ടീസറിനും മോഷൻ പോസ്റ്ററിനുമെല്ലാം വലിയ സ്വീകാര്യത തന്നെയാണ് ലഭിച്ചത്.
വലിയ ഒരു ഇടവേളക്ക് ശേഷം ഒരു കാലത്ത് തിയറ്ററുകളിൽ ആവേശം തീർത്ത ജോഷി-സുരേഷ് ഗോപി കൂട്ടുക്കെട്ട് തിരികെ എത്തുന്നു എന്നതാണ് സിനിമ പ്രേമികളെ രോമാഞ്ചം കൊള്ളിക്കുന്നത്. അച്ഛനൊപ്പം മകൻ ഗോകുൽ സുരേഷും ഒന്നിക്കുന്നു എന്ന പ്രത്യേകതയും പാപ്പനുണ്ട്. ഇവർക്ക് പുറമെ കനിഹ, നൈല ഉഷ, നീത പിള്ള, ജനാർദ്ദനൻ, ടിനി ടോം എന്നിങ്ങനെ വലിയ താര നിര ചിത്രത്തിൽ അണിനിരക്കുന്നു. ശ്രീ ഗോകുലം മൂവീസിന് വേണ്ടി ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന ‘പാപ്പൻ’ ഒരുങ്ങുന്നത് ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ഇഫാർ മീഡിയയുടെയും ബാനറിൽ ആണ്.
സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് ആർജെ ഷാനാണ്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി. ഗോകുലം ഗോപാലൻ, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര, എന്നിവർ ചേർന്നാണ് പാപ്പന്റെ നിർമ്മാണം. സംഗീതം-പശ്ചാത്തല സംഗീതം നിർവ്വഹിച്ചിരിക്കുന്നത് ജേക്സ് ബിജോയ് ആണ്.
















Comments