തമിഴ് നടൻ സൂര്യയ്‌ക്ക് ഇന്ന് പിറന്നാൾ. തന്റെ 47-ാം പിറന്നാളിന് ഇരട്ടി മധുരമായി മികച്ച നടനുള്ള ദേശിയ പുരസ്കാരവും സൂര്യയെ തേടി എത്തിയതോടെ ആരാധകരും സിനിമാ പ്രേമികളും ആവേശത്തിലാണ്. 68-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിക്കുന്ന വേളയിൽ ഏവരുടെയും പ്രാർത്ഥന തങ്ങളുടെ നടിപ്പിൻ നായകന് പുരസ്കാരം ലഭിക്കണമെന്ന് തന്നെയായിരുന്നു. ആരാധകരുടെയും സിനിമ പ്രേമികളുടെയും പ്രാർത്ഥന സഫലമായി. അർഹിച്ച അംഗീകാരം നടനെ തേടിയെത്തി. ‘സൂരറൈ പോട്ര് ‘ എന്ന സിനിമയിലെ മികച്ച പ്രകടനത്തിന് സൂര്യയ്‌ക്ക് പുരസ്കാരം നൽകി രാജ്യം ആദരിച്ചു. നെടുമാരനായി നിറഞ്ഞാടുകയായിരുന്നു സിനിമയിൽ സൂര്യ. സൂര്യയെ അഭിനന്ദിച്ച് നടൻ മമ്മൂട്ടി രംഗത്തെത്തി. പ്രിയപ്പെട്ട സൂര്യ, താങ്ങൾക്ക് മനോഹരമായ ഒരു പിറന്നാൾ സമ്മാനം ലഭിച്ചിരിക്കുന്നു എന്ന് ദേശിയ അവാർഡിന് അർഹനായ നടന് പിറന്നാൾ ആംശസ നേർന്ന് മമ്മൂട്ടി കുറിച്ചു.
മണിരത്‍നം നിർമ്മിച്ച് 1997-ൽ പുറത്തിറങ്ങിയ ‘നേര്ക്കു നേര്‘ എന്ന ചിത്രത്തിൽ തന്റെ 22 വയസ്സിൽ സൂര്യ അരങ്ങേറ്റം കുറിച്ചു. 2003-ൽ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ‘കാക്ക കാക്ക‘ എന്ന ചിത്രത്തിലെ പോലീസ് വേഷം സൂര്യയ്‌ക്ക് ജനശ്രദ്ധ നേടികൊടുത്തു. ഈ ചിത്രം സൂര്യയുടെ ആദ്യത്തെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്റർ ആയി മാറുകയായിരുന്നു. വിക്രമിനൊപ്പം പ്രധാന വേഷത്തിലെത്തിയ പിതാമഗൻ എന്ന സിനിമയിലെ കഥാപാത്രത്തിലൂടെ സൂര്യ നിരൂപക പ്രശംസകൾ നേടി. ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ഫിലിംഫെയർ അവാർഡും അദ്ദേഹം നേടി.
എ ആർ മുരുഗദോസ് സംവിധാനം ചെയ്ത സൈക്കോളജിക്കൽ ത്രില്ലറായ ഗജിനിയിലൂടെ സൂര്യ ഒരു പടി കൂടി വളരുകയാണ് ചെയ്തത്. കാക്ക കാക്കയുടെ വിജയത്തിന് ശേഷം 2008ൽ സൂര്യ മേനോന്റെ ജീവചരിത്രമായ ‘വാരണം ആയിരം‘ എന്ന ചിത്രം സൂര്യയുടെ എക്കാലത്തെയും മികച്ച ചിത്രമാണ്. മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ്, തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാർഡ് എന്നിങ്ങനെ നിരവധി പുരസ്ക്കാരങ്ങൾ സൂര്യയ്‌ക്ക് നേടി കൊടുക്കാൻ ഈ ചിത്രത്തിന് സാധിച്ചു. ഇന്ത്യയൊട്ടാകെ സൂര്യയുടെ അഭിനയം ആദ്യമായി ചർച്ച ചെയ്യപ്പെട്ടതും വാരണം ആയിരത്തിലൂടെ ആയിരുന്നു.
പിന്നീട് സൂപ്പർ താരമായി വളർന്ന സൂര്യ വാണിജ്യ സിനിമകളുടെയും കലാമൂല്യമുള്ള സിനിമകളുടെയും ഭാഗമായി. തുടർച്ചയായ പരാജയങ്ങൾ പലപ്പോഴായി മങ്ങലേൽപ്പിച്ചെങ്കിലും സിനിമ പ്രേമികൾ സൂര്യയുടെ മികച്ച ഒരു തിരിച്ചു വരവ് പ്രതീക്ഷിച്ചിരുന്നു. വലിയ ഒരിടവേളയ്‌ക്ക് ശേഷം ആരാധകരുടെ കാത്തിരിപ്പ് വെറുതെ ആയില്ല എന്ന് തെളിയിച്ചു സൂര്യ. ഇന്ത്യയിലെ ആദ്യ ജെറ്റ് എയർലൈനായി അറിയപ്പെടുന്ന എയർ ഡെക്കാന്റെ സ്ഥാപകൻ ക്യാപ്ടൻ ജി.ആർ . ഗോപിനാഥിന്റെ ആത്മകഥ ’സിംപ്ലി ഫ്ളൈ എ ഡെക്കാൻ ഒഡീസി”എന്ന പുസ്തകത്തെ ആധാരമാക്കി സുധ കൊങ്ങര സംവിധാനം ചെയ്ത ചിത്രമായ ‘സൂരറൈ പോട്രിലൂടെ വലിയ തിരിച്ച് വരവാണ് താരം നടത്തിയത്. സിനിമയിൽ നെടുമാരൻ എന്ന കഥാപാത്രമായി മിന്നുന്ന പ്രകടനമാണ് സുര്യ കാഴ്ച വെച്ചത്.
ഒ ടി ടി റിലീസായി എത്തിയ ‘സൂരറൈ പോട്ര് ‘ ലോകമെമ്പാടും സ്വീകരിക്കപ്പെട്ടു. ഇന്ത്യയുടെ പുറത്തുനിന്നും സൂര്യയെ തേടി അഭിനന്ദന പ്രവാഹങ്ങൾ എത്തി. നീണ്ട നാളുകൾക്ക് ശേഷം ഓസ്കാർ നോമിനേഷന് പോയ ഇന്ത്യൻ ചിത്രമെന്ന പ്രത്യേകതയും ‘സൂരറൈ പോട്രിനുണ്ട്. ഷാംങ്ഹായ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഉൾപ്പെടെ നിരവധി വേദികളിൽ ചിത്രം ഇതിനോടകം പ്രദർശിപ്പിക്കുകയും ചെയ്തു. അവസാനം മികച്ച നടനായി ഈ ചിത്രത്തിലൂടെ ദേശീയ പുരസ്കാരത്തിനും സൂര്യ അർഹനായി. സൂരറൈ പോട്ര് മാത്രമല്ല അടുത്തിടെ ഇറങ്ങിയ ‘ജയ് ഭീം‘ എന്ന സിനിമയിലും സൂര്യ ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചത്. തന്റെ പിറന്നാളിന് ഇതിലും വലിയ ഒരു സമ്മാനം നടന് ലഭിക്കാനില്ല. സൂര്യയ്‌ക്കും ആരാധകർക്കും ഇരട്ടി മധുരം നൽകുകയാണ് പിറന്നാൾ സമ്മാനമായി തേടിയെത്തിയ ദേശീയ അംഗീകാരം.
Comments