പോർട് ഓഫ് സ്‌പെയിൻ: കരീബിയൻ മണ്ണിലെ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യയ്‌ക്ക് സ്വന്തം. 7 വിക്കറ്റിന് 308 എന്ന ഇന്ത്യൻ സ്‌കോറിനെ ശക്തമായി പ്രതിരോധിച്ച വെസ്റ്റിൻഡീസിന് 6 വിക്കറ്റ് നഷ്ടത്തിൽ 305 റൺസ് മാത്രമേ എടുക്കാനായുള്ളു. മധ്യനിരയുടെ സ്ഥിരതയിലും വാലറ്റം അവസാന ഓവറുകളിൽ നടത്തിയ ശക്തമായ പോരാട്ടവും വെസ്റ്റിൻഡീസിനെ വിജയത്തിനരികെ വരെ എത്തിക്കുകയായിരുന്നു.
75 റൺസ് നേടിയ കെയിൽ മേയേഴ്‌സും 54 റൺസ് നേടിയ ബ്രാൻഡൻ കിംഗുമാണ് കരീബിയൻ നിരയിലെ ടോപ് സ്‌കോറർമാർ. വാലറ്റത്ത് ഓൾറൗണ്ടർ പ്രകടനം പുറത്തെടുത്ത് അക്കീൽ ഹൊസൈനും(32) റൊമേരിയോ ഷെപ്പേർഡും(39) പുറത്താകാതെ നടത്തിയ പോരാട്ടം വിജയത്തിന് തുല്യമായി.
ബൗളിംഗിൽ ഇന്ത്യയ്‌ക്കായി മുഹമ്മദ് സിറാജും ഷാർദ്ദൂൽ ഠാക്കുറും യുസ്വേന്ദ്ര ചാഹലും രണ്ടു വിക്കറ്റുകൾ വീതം വീഴ്‌ത്തി. ടോസ് നേടി ഇന്ത്യയെ ബാറ്റിംഗിനയച്ച് കരീബിയൻ ബൗളർമാരെ കണക്കറ്റ് ശിക്ഷിച്ചുകൊണ്ടാണ് ഇന്ത്യൻ ഓപ്പണിംഗ് നിര മികച്ച തുടക്കമിട്ടത്. നായകൻ ശിഖർ ധവാൻ 97 റൺസും ശുഭ്മാൻ ഗിൽ 64 റൺസും ശ്രേയസ്സ് അയ്യർ 54 റൺസും നേടിയതോടെ ഇന്ത്യ 3 വിക്കറ്റിന് 240 എന്ന ശക്തമായ നിലയിലേക്കാണ് 35-ാം ഓവറിൽ എത്തിയത്.
അവസാന ഓവറുകളിൽ 27 റൺസുമായി ദീപക് ഹൂഡയും 21 റൺസുമായി അക്‌സർ പട്ടേലും സ്‌കോർ 300 നടുത്തേയ്‌ക്ക് എത്തിക്കാൻ നിർണ്ണായക പങ്ക് വഹിച്ചു. മധ്യനിരയിൽ സൂര്യകുമാർ യാദവും(13) സഞ്ജു സാംസണും(12) മാത്രമാണ് തിളങ്ങാതെ പോയത്.
















Comments