ന്യൂഡൽഹി: തിഹാർ ജയിലിൽ നിരാഹാര സമരം ആരംഭിച്ച്, ഭീകരവാദ കേസിൽ ശിക്ഷ അനുഭവിക്കുന്ന വിഘടനവാദി നേതാവ് യാസിൻ മാലിക്. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും തനിക്കെതിരായ തട്ടിക്കൊണ്ട് പോകൽ കേസിൽ അന്യായമായാണ് നടപടികൾ പുരോഗമിക്കുന്നതെന്നും ആരോപിച്ചാണ് മാലികിന്റെ നിരാഹാര സമരം.
1989ൽ മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദിന്റെ മകൾ റുബയ്യയെ തട്ടിക്കൊണ്ട് പോയി വിലപേശി ഭീകരരെ മോചിപ്പിച്ച കേസിൽ നിരോധിത സംഘടനയായ ജെ കെ എൽ എഫിന്റെ നേതാവായിരുന്ന യാസിൻ മാലികിനെതിരായ നടപടികൾ പുരോഗമിക്കുകയാണ്. കേസിൽ മാലികിനെ റുബയ്യ തിരിച്ചറിഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് യാസിൻ നിരാഹാര സമരം ആരംഭിച്ചിരിക്കുന്നത്.
നിലവിൽ ഭീകരവാദ പ്രവർത്തനങ്ങൾക്ക് ധനശേഖരണം നടത്തിയ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചു വരികയാണ് യാസിൻ മാലിക്. 2017ൽ ഭീകരവാദ പ്രവർത്തനങ്ങൾക്ക് ധനസമാഹരണം നടത്തിയ കേസിൽ 2019ലാണ് മാലികിനെ എൻ ഐ എ അറസ്റ്റ് ചെയ്തത്.
റുബയ്യ സയീദ് കേസിൽ സാക്ഷിയെ വിസ്തരിക്കാൻ തനിക്ക് അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ടാണ് യാസിൻ മാലികിന്റെ നിരാഹാരം. യാസിൻ മാലികിനെയും ഒപ്പമുണ്ടായിരുന്ന മൂന്ന് പേരെയും റുബയ്യ കോടതിയിൽ തിരിച്ചറിഞ്ഞിരുന്നു. വർഷങ്ങളായി പൊതുവേദികളിൽ പ്രത്യക്ഷപ്പെടാതിരുന്ന റുബയ്യ, കോടതിയിൽ നേരിട്ടെത്തി പ്രതികളെ തിരിച്ചറിയുകയായിരുന്നു.
1989ലായിരുന്നു യാസിൻ മാലികിന്റെ നേതൃത്വത്തിലുള്ള ജെ കെ എൽ എഫ് സംഘം റുബയ്യയെ തട്ടിക്കൊണ്ട് പോയത്. റുബയ്യയെ മോചിപ്പിക്കണമെങ്കിൽ തടവിൽ കഴിയുന്ന അഞ്ച് ജെ കെ എൽ എഫ് അംഗങ്ങളെ വിട്ടുകിട്ടണമെന്നായിരുന്നു യാസിൻ മാലികിന്റെയും സംഘത്തിന്റെയും ആവശ്യം. തുടർന്ന്, ജമ്മു കശ്മീർ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള വിഘടനവാദികളുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു. റുബയ്യയുടെ പിതാവ് മുഫ്തി മുഹമ്മദ് സെയ്ദ് ആയിരുന്നു അന്ന് ഇന്ത്യയുടെ ആഭ്യന്തര മന്ത്രി.
Comments