ന്യൂഡൽഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകൾ സോയിഷ് ഇറാനിക്ക് ഗോവയിൽ അനധികൃത ബാറുണ്ടെന്ന കോൺഗ്രസ് ആരോപണത്തിന് ചുട്ടമറുപടിയുമായി മന്ത്രി. ഗാന്ധിമാർക്കെതിരെ സംസാരിക്കുന്നതിനാലാണ് കോൺഗ്രസ് തന്റെ മകൾക്കെതിരെ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നതെന്ന് സ്മൃതി ഇറാനി പറഞ്ഞു.
അവൾ ചെയ്ത തെറ്റ് ഇതാണ്.. അവളുടെ അമ്മ രാഹുൽ ഗാന്ധിക്കെതിരെയും സോണിയ ഗാന്ധിക്കെതിരെയും സംസാരിക്കുന്നു. ഇതാണ് അവൾ ചെയ്ത ഒരേയൊരു തെറ്റെന്നും കോൺഗ്രസിന്റെ ആരോപണങ്ങൾ നിഷേധിച്ച് സ്മൃതി ഇറാനി പ്രതികരിച്ചു.
രാഹുലും സോണിയയും ചേർന്ന് നടത്തിയ 5,000 കോടി രൂപയുടെ തട്ടിപ്പിനെക്കുറിച്ച് അവളുടെ അമ്മ വാർത്താസമ്മേളനത്തിൽ സംസാരിച്ചു. തന്റെ മകൾ ഒരു രാഷ്‌ട്രീയക്കാരിയല്ല. അവൾ ഒരു വിദ്യാർത്ഥിനിയാണ്. സാധാരണ ജീവിതമാണ് അവൾ നയിക്കുന്നത്. കോളേജിൽ പഠിക്കുന്ന അവൾ, ഒരിക്കലും ബാർ നടത്തിയിട്ടില്ല. വിവരാവകാശനിയമത്തിന്റെ അടിസ്ഥാനത്തിൽ ആരോപണം ഉന്നയിക്കുന്നവർ ആ പേപ്പറുകളിൽ തന്റെ മകളുടെ പേര് കാണിച്ചുതരണമെന്നും സ്മൃതി ഇറാനി പറഞ്ഞു.
2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ രാഹുൽ വീണ്ടും അമേഠിയിലെത്തി മത്സരിക്കണമെന്നും അദ്ദേഹത്തിന്റെ പരാജയം താൻ കാണിച്ചുതരാമെന്നും സ്മൃതി ഇറാനി പറഞ്ഞു. ഇത് ഒരു ബിജെപി പ്രവർത്തകയെന്ന നിലയിലും ഒരു അമ്മയെന്ന നിലയിലുമുള്ള തന്റെ പ്രതിജ്ഞയാണെന്നും അവർ കൂട്ടിച്ചേർത്തു.
18-കാരിയായ തന്റെ മകൾക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണമുന്നയിച്ച് സ്വഭാവഹത്യ നടത്തിയതിന് രണ്ട് കോൺഗ്രസുകാരാണ് ഉത്തരവാദികൾ. പാർട്ടി നേതാക്കളായ ജയ്‌റാം രമേശും പവൻ ഖേരയും എത്രയും പെട്ടെന്ന് തന്നെ നിയമനടപടികൾ നേരിടേണ്ടി വരും. കോൺഗ്രസ് നടത്തിയ ഈ സ്വഭാവഹത്യയ്‌ക്ക് നീതിന്യായപീഠത്തിന് മുമ്പിലും ജനങ്ങളുടെ കോടതിക്ക് മുമ്പിലും ഉത്തരം പറയേണ്ടി വരുമെന്നും സ്മൃതി ഇറാനി വ്യക്തമാക്കി.
Comments