മനുഷ്യർക്ക് മാത്രമല്ല, മൃഗങ്ങൾക്കും അവകാശങ്ങളുണ്ട്. സ്വതന്ത്രമായി വിഹരിക്കാനും ഇരതേടി ജീവിക്കാനുമുള്ള അവകാശവും മനുഷ്യർ വേട്ടയാടപ്പെടുന്നതിൽ നിന്ന് സംരക്ഷിക്കപ്പെടാനുള്ള അവകാശവുമെല്ലാം മൃഗങ്ങൾക്കുണ്ട്. കാരണം ഈ പ്രകൃതി നിലനിൽക്കണമെങ്കിൽ, മനുഷ്യന് ഇനിയും മുന്നോട്ട് ജീവിതം നയിക്കണമെങ്കിൽ ഇവിടെയുള്ള ഓരോ ജന്തുജാലവും സംരക്ഷിക്കപ്പെടേണ്ടത് അത്യാവശ്യമാണ്.
ഇത്തരത്തിൽ വന്യജീവികൾക്കുള്ള പ്രധാന്യം വിളിച്ചോതുന്ന ഒരു വീഡിയോയാണ് ഇപ്പോൾ ട്വിറ്ററിൽ തരംഗമാകുന്നത്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസറായ പ്രവീൺ കസ്‌വാൻ പങ്കുവെച്ച ഈ വീഡിയോയിൽ റോഡ് മുറിച്ച് കടക്കുന്ന വരയൻ കടുവയാണ് താരം. റോഡരികിൽ കടുവ നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ സമയോചിതമായി കൈകാര്യം ചെയ്യുന്ന ട്രാഫിക്ക് പോലീസ് ഓഫീസറേയും വീഡിയോയിൽ കാണാം. രണ്ടറ്റത്ത് നിന്നും വരുന്ന വാഹനങ്ങളെ മീറ്ററുകൾക്ക് മുമ്പ് തന്നെ ട്രാഫിക്ക് പോലീസ് ഓഫീസർ തടഞ്ഞു. ഇതോടെ ഹൈവേ മുറിച്ചു കടക്കാനുള്ള വഴി കടുവയ്‌ക്ക് മുന്നിൽ തെളിഞ്ഞു.
Green signal only for tiger. These beautiful people. Unknown location. pic.twitter.com/437xG9wuom
— Parveen Kaswan, IFS (@ParveenKaswan) July 22, 2022
സിനിമകളിൽ ‘മാസ്’ രംഗം കഴിഞ്ഞ് നായകന്മാർ ‘സ്ലോ-മോഷനിൽ’ നടന്നുവരുമ്പോൾ ആരാധകർക്ക് തോന്നുന്ന അതേ മതിപ്പാണ് ദൃശ്യങ്ങൾ കാണുന്ന ഓരോ കാഴ്ചക്കാരനുമുണ്ടാകുക എന്നതാണ് പ്രത്യേകത. മുന്നിൽ ശൂന്യമായി കിടക്കുന്ന ഹൈവേയിലൂടെ വളരെ സാവധാനം ഇരുവശത്തേയും വാഹനങ്ങൾ നോക്കി റോഡ് മുറിച്ച് കടക്കുന്ന കടുവയെ കണ്ടപ്പോൾ സിനിമയിലെ മാസ് രംഗങ്ങളെ ഓർമ്മിപ്പിച്ചുവെന്നാണ് സോഷ്യൽമീഡിയയിൽ നിന്നുയരുന്ന പ്രതികരണം.
കടുവയ്‌ക്ക് വിശപ്പില്ലാതിരുന്നതിനാലാണോ മനുഷ്യന്റെ സാന്നിധ്യം അസ്വസ്ഥമാക്കാത്തതിനാലാണോ ആക്രമിക്കാത്തതെന്ന് പറയാനാകില്ലെന്നും ആളുകൾ അഭിപ്രായപ്പെട്ടു. അതേസമയം ഇത് എവിടെ നടന്ന സംഭവമാണെന്ന് ഇതുവരെ തിരിച്ചറിയാനായിട്ടില്ലെന്ന് വീഡിയോ പങ്കുവെച്ച പ്രവീൺ കസ്‌വാൻ പറയുന്നു. മഹാരാഷ്‌ട്രയിൽ ബ്രഹ്മപുരി-നാഗ്ഭിർ ഹൈവേയാണെന്നും ചന്ദ്രപൂർ എന്ന സ്ഥലമാണെന്നുമാണ് സൂചന.
Comments