ശ്രീനഗർ: ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷനിലെ (ജെകെസിഎ)സാമ്പത്തിക അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് (എൻസി) അദ്ധ്യക്ഷനുമായ ഫറൂഖ് അബ്ദുള്ളയ്‌ക്കും ജെകെസിഎ അംഗങ്ങൾക്കും ഓഗസ്റ്റ് 27 ന് ഹാജരാകാൻ സമൻസ് അയച്ച് ശ്രീനഗർ കോടതി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ ശ്രീനഗർ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് കോടതിയാണ് ഹാജരാകാൻ നിർദേശിച്ചിരിക്കുന്നത്.
അഴിമതിക്കേസ് സിബിഐ ആണ് അന്വേഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് 2004 നും 2009 നും ഇടയിൽ നടന്ന സാമ്പത്തിക ക്രമക്കേടുകളാണ് ഇഡി അന്വേഷിക്കുന്നത്. 2019 ൽ കേസുമായി ബന്ധപ്പെട്ട് ഫറൂഖ് അബ്ദുളളയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. 2001 മുതൽ 2012 വരെ ജെകെസിഎ യുടെ പ്രസിഡന്റായിരുന്നു അദ്ദേഹം. കേസിൽ 21 കോടി രൂപയുടെ വസ്തു വകകൾ കണ്ടുകെട്ടിയിരുന്നു.ഇതിൽ 11.86 കോടി രൂപയോളം അബ്ദുള്ളയുടെ സ്വത്തുക്കളായിരുന്നു.
ജെകെസിഎ ഓഫീസ് ചുമതല വഹിക്കുന്നവരുമായി ചേർന്ന് മുൻ ട്രഷറർ അഹ്സൻ അഹമ്മദ് മിർസ 51.90 കോടി രൂപ ദുർവിനിയോഗം ചെയ്തതായും കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ ലഭിച്ച വരുമാനം വ്യക്തിപരവും വ്യാപരവുമായി ബന്ധപ്പെട്ട കടങ്ങൾ വീട്ടാൻ ഉപയോഗിച്ചുവെന്നും അന്വേഷണങ്ങളിൽ വ്യക്തമായിരുന്നു. തുടക്കത്തിൽ റമ്മുൻഷിബാഗ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് സിബിഐ ഏറ്റെടുത്തത്.
Comments