വയനാട്: ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച വയനാട്ടിലെ ഫാമിൽ വിദഗ്ധ സംഘത്തിന്റെ പരിശോധന തുടങ്ങി. ഫാമിലെ പന്നികളെ ഇന്ന് തന്നെ കൊന്നുതുടങ്ങും. പന്നികളെ കൊല്ലാൻ ഫാം ഉടമകൾ സമ്മതിച്ചതായി സബ് കളക്ടർ ആർ ശ്രീലക്ഷ്മി അറിയിച്ചു. നഷ്ടപരിഹാരം വേഗത്തിലാക്കുമെന്നും സബ് കളക്ടർ കർഷകർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.
മൃഗസംരക്ഷണ വകുപ്പിന്റെ റാപിഡ് റെസ്‌പോൺസ് ടീമിനാണ് പന്നികളെ കൊന്നൊടുക്കാനുള്ള ചുമതല. ഇതിനായി സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. പന്നികളുടെ രക്തം പുറത്തുവരാത്ത രീതിയിൽ ഷോക്കടിപ്പിച്ചായിരിക്കും കൊല്ലുകയെന്നാണ് വിവരം. അതിന് ശേഷം ഫാമിന്റെ പരിസരത്ത് തന്നെ മറവുചെയ്യും. മാനന്തവാടി സബ് കളക്ടർക്കാണ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപന ചുമതല.
വയനാട്ടിലെ മറ്റൊരു പന്നി ഫാമിലും രോഗം സ്ഥിരീകരിച്ചിരുന്നെങ്കിലും അവിടെ എല്ലാ പന്നികളും രോഗം ബാധിച്ച് ചത്തിരുന്നു. നിലവിൽ വയനാട്ടിലെ തവിഞ്ഞാൽ ഫാമിലെ പന്നികളെ മാത്രമാണ് കൊന്നൊടുക്കാൻ നിർദേശിച്ചിട്ടുള്ളത്. എത്രയും വേഗം നഷ്പരിഹാരം നൽകണമെന്നാണ് തവിഞ്ഞാൽ ഫാമിലെ ഉടമയുടെ ആവശ്യം. ഇക്കാര്യത്തിൽ സർക്കാരിന് ശുപാർശ നൽകുമെന്നാണ് സബ്കളക്ടറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും വ്യക്തമാക്കിയിരിക്കുന്നത്.
















Comments