ന്യൂഡൽഹി: ലഡാക്ക് അതിർത്തിയിലെ സംഘർഷ സാദ്ധ്യത പരിഹരിക്കാനുള്ള ചർച്ചകൾക്കിടയിലും പ്രകോപനം തുടർന്ന് ചൈന. യഥാർത്ഥ നിയന്ത്രണ രേഖയിൽ വ്യോമസേനയുടെ വിമാനങ്ങൾ ഉപയോഗിച്ച് നിരീക്ഷണം നടത്തിയാണ് ചൈന വീണ്ടും പ്രകോപനം സൃഷ്ടിക്കുന്നത്. ഈ സാഹചര്യത്തിൽ അതിർത്തിയിലെ സ്ഥിതിഗതികൾ ഇന്ത്യയും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.
കഴിഞ്ഞ നാല് ആഴ്ചകളായി അതിർത്തിയിലേക്ക് ചൈന വിമാനങ്ങൾ അയക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ജൂൺ 24, 25 എന്നീ തിയതികളിലാണ് ചൈന വിമാനങ്ങൾ അതിർത്തിയിലേക്ക് അയച്ചു തുടങ്ങിയത് എന്നാണ് നിഗമനം. ഇന്ത്യൻ സേനകളുടെ വിന്യാസവും മറ്റ് നീക്കങ്ങളും മനസ്സിലാക്കുകയാണ് ചൈനയുടെ ലക്ഷ്യം. ജെ-11 വ്യോമ സേന വിമാനമാണ് സ്ഥിരമായി അതിർത്തിയിലെത്തുന്നത്. പലപ്പോഴും സംഘർഷ ബാധിത മേഖലകൾക്കടുത്തുകൂടി വിമാനം കടന്നുപോകുന്നുണ്ടെന്നാണ് റിപ്പോർട്ട്.
ചൈനയുടെ നീക്കങ്ങളെ പ്രതിരോധിക്കാൻ സജ്ജമാണെന്ന് വ്യോമസേന അറിയിച്ചു. നിയന്ത്രണ രേഖയോട് ചേർന്നുള്ള ഇന്ത്യൻ മേഖലകളിൽ മിഗ്-29 , മിറാഷ് 2000 എന്നീ യുദ്ധ വിമാനങ്ങൾ വിന്യസിച്ചിട്ടുണ്ട്. ചൈന പ്രകോപിപ്പിച്ചാൽ നിമിഷങ്ങൾക്കുള്ളിൽ തന്നെ തിരിച്ചടിക്കാൻ ഇന്ത്യയ്‌ക്ക് സാധിക്കും. ഇതിനുള്ള തയ്യാറെടുപ്പുകളും മുൻകരുതലുകളും നേരത്തെ സ്വീകരിച്ചതായി വ്യോമസേന വ്യക്തമാക്കി.
















Comments