ലക്‌നൗ: ലുലു മാളിൽ നിസ്‌കാരം നടത്തിയ സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായതായി ഉത്തർപ്രദേശ് പോലീസ് അറിയിച്ചു.
ജൂലൈ 10ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്ത് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത ലക്‌നൗവിലെ ലുലു മാളിൽ ചിലർ കൂട്ടമായി നിസ്‌കാരം നടത്തിയിരുന്നു. ജൂലൈ 12നായിരുന്നു ഇത് നടന്നത്. സംഭവത്തിൽ യുപി പോലീസ് അറസ്റ്റ് ചെയ്തവർ ഹിന്ദുക്കളാണെന്ന വാദവും ഇതിനിടെ ഉയർന്നു. കേരളത്തിലെ മാദ്ധ്യമങ്ങൾ ഉൾപ്പെടെ ഇത്തരത്തിൽ വ്യാജവാർത്ത പ്രചരിപ്പിച്ചിരുന്നു. ഇടത് പാർട്ടികളും കോൺഗ്രസ് നേതൃത്വവും ഇത് ഏറ്റെടുത്ത് ആഘോഷിച്ചതിന് പിന്നാലെ അറസ്റ്റിലായവരെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നു.
ജൂലൈ 12ന് മാളിൽ നിസ്‌കാരം നടത്തിയതിന് മുഹമ്മദ് റെഹാൻ, ആതിഫ് ഖാൻ, മുഹമ്മദ് ലുക്മാൻ, മുഹമ്മദ് നൊമാൻ എന്നിവരെയായിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്. ഇതിന് ശേഷം ലക്‌നൗ സ്വദേശി മുഹമ്മദ് ആദിലിനെയും ശനിയാഴ്ച പോലീസ് പിടികൂടി. ഇതിന് പിന്നാലെയാണ് ഞായറാഴ്ച രണ്ട് പേർ കൂടി കേസിൽ അറസ്റ്റിലായിരിക്കുന്നത്. ഇവരുടെ പേരുവിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
അനുമതിയില്ലാതെ മാളിൽ നിസ്‌കാരം നടത്തിയതുമായി ബന്ധപ്പെട്ട് ലുലു മാൾ അധികൃതർ പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് നടപടിയുണ്ടായത്. ആളുകൾ മാളിനുള്ളിൽ കൂട്ടമായി നിസ്‌കരിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെ മാൾ അധികൃതർ സുശാന്ത് ഗോൾഫ് സിറ്റി പോലീസിനെ സമീപിക്കുകയായിരുന്നു. ലക്‌നൗവിലെ ഗോൾഫ് സിറ്റിയിലെ അമർ ഷഹീദ് പാതയിലാണ് പുതിയ ലുലു മാൾ സ്ഥിതി ചെയ്യുന്നത്.
















Comments