റായ്പൂർ: കൊള്ളയടിക്കാൻ കോൺഗ്രസിന് അർഹതയുണ്ടെന്നും ആരും അതിനെ ചോദ്യം ചെയ്യരുതെന്നും ബിജെപി ദേശീയ വക്താവ് സംബിത് പത്ര. നാഷണൽ ഹെറാൾഡ് കള്ളപ്പണക്കേസിൽ പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നതിൽ കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിനെതിരെയാണ് സംബിത് പത്രയുടെ പരിഹാസം. കേസിൽ രണ്ടാം തവണയാണ് ഇഡി സംഘം സോണിയയെ ചോദ്യം ചെയ്യുന്നത്.
റായ്പൂരിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് സംബിത് പത്ര കോൺഗ്രസിനെതിരെ വിമർശനം ഉന്നയിച്ചത്. “കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം കൊള്ളയടിക്കുക എന്നത് അവരുടെ ജൻമാവകാശമാണ്, പക്ഷെ അവരെ ആരും ചോദ്യം ചെയ്യാൻ പാടില്ല, ഇഡി എന്നല്ല ഒരു ഏജൻസിക്കും അതിനുള്ള അവകാശമില്ല”, സംബിത് പത്ര പറഞ്ഞു. അഴിമതിക്കെതിരെ വിട്ടുവീഴ്ച ഇല്ല എന്നതാണ് ബിജെപിയുടെ നിലപാടെന്നും സംബിത് പത്ര ഓർമ്മിപ്പിച്ചു.
കോൺഗ്രസ് പാർട്ടി ഇന്ന് നടത്തുന്ന പ്രതിഷേധ സമരങ്ങളെ രാജ്യം മുഴുവൻ ഉറ്റുനോക്കുകയാണ്. പ്രതിപക്ഷത്തിന് ഇക്കാര്യത്തിൽ ഉന്നയിക്കാൻ ഒരു മറുവാദവുമില്ല . ബഹളം വെയ്‌ക്കുകല്ല, മറിച്ച് ചെയ്ത കുറ്റം സമ്മതിക്കുകയാണ് സോണിയാഗാന്ധി ചെയ്യേണ്ടത്. ആരോപണം ഉയരുന്ന സാഹചര്യത്തിൽ അന്വേഷണം നടത്തേണ്ടത് അന്വേഷണ ഏജൻസികളുടെ ചുമതലയാണ്. അതൊരു നിയമ നടപടിക്രമമാണ്. അതിനെ യുക്തിസഹമായ രീതിയിൽ സ്വീകരിക്കുകയാണ് വേണ്ടത്. അതാണ് ഇന്ത്യയുടെ സൗന്ദര്യം,” അദ്ദേഹം പറഞ്ഞു.
പശ്ചിമ ബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജിയിൽ നിന്ന് ഇഡി സംഘം 21 കോടി രൂപയാണ് പിടിച്ചെടുത്തത്. ആം ആദ്മി പാർട്ടിയുടെ സിറ്റിംഗ് മന്ത്രി സത്യേന്ദ്ര ജെയിനിൽ നിന്നും അന്വേഷണ സംഘം പണം കണ്ടെടുത്തിരുന്നു. നാഷണൽ ഹെറാൾഡ് കേസിലും കോടതി ശക്തമായ നിരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്,5,000 കോടിയുടെ അഴിമതി നടന്നെന്നാണ് കണ്ടെത്തൽ. അപ്പോൾ ഈ കേസുകളിൽ അന്വേഷണം വേണ്ടേ, എന്നാണ് ബിജെപിയ്‌ക്ക് രാജ്യത്തോട് ചോദിക്കാനുള്ളത് .
നാഷണൽ ഹെറാൾഡ് കേസ് അന്വേഷിക്കുന്നതിൽ പ്രതിപക്ഷത്തിന് താത്പര്യം ഉണ്ടാവില്ല. അവരുടെ അവകാശ ബോധങ്ങളാണ് അവർ ഇതിനെതിരെ ഉന്നയിക്കുന്നത്. അതിന്റെ പേരിൽ മാത്രം ഇത്രയും വലിയ ഒരു അഴിമതി കേസ് അന്വേഷണം നിർത്തിവെക്കാൻ സാധിക്കില്ല, സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ 5000 കോടി രൂപയുടെ അഴിമതി ആരോപണങ്ങൾ ഉയരുമ്പോൾ സ്വാഭാവികമായും അവർ ചോദ്യം ചെയ്യപ്പെടും, പത്ര പറഞ്ഞു.
രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച സ്വാതന്ത്ര്യ സമര സേനാനികളുടെയും, നികുതിദായകരുടെയും സ്വത്താണ് കോൺഗ്രസ് കൊള്ളയടിച്ചത്. കോൺഗ്രസിലെ ഒരു കുടുംബമാണ് അത് തട്ടിയെടുത്തത്. ഉത്തരവാദികൾ ആരായാലും അവർ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടത് ഓരോ പൗരന്റെയും ചുമതലയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Comments