എറണാകുളം: നഞ്ചിയമ്മയ്‌ക്ക് ദേശീയ ചലച്ചിത്ര പുരസ്‌കാരം നൽകിയതിനെതിരെ ഉയരുന്ന വിമർശനങ്ങളോട് പ്രതികരിച്ച് ഗായിക സിത്താര കൃഷ്ണകുമാർ. സംഗീതത്തിനായി ജീവിതം അർപ്പിച്ചവർ പുരസ്‌കാരം കൊതിക്കുന്നവരല്ലെന്ന് സിത്താര വ്യക്തമാക്കി. ഫേസ്ബുക്ക് വീഡിയോയിലൂടെയായിരുന്നു സിത്താര വിമർശനങ്ങളോട് പ്രതികരിച്ച് രംഗത്തുവന്നത്.
ദേശീയ പുരസ്‌കാരത്തിന്റെ ചരിത്രം പരിശോധിച്ചാൽ ആറ് വരി ഗാനത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചതായി മനസ്സിലാക്കാം. പുരസ്‌കാരം ചില വ്യക്തികൾ ചേർന്നാണ് തീരുമാനിക്കുന്നത്. അതിനെ അതിന്റെ രീതിയിൽ കാണുക. വ്യക്തിപരമായ അധിക്ഷേപത്തിലേക്ക് കടക്കരുത്. നമുക്ക് നല്ലപാട്ടുകൾ ഉണ്ടാക്കാം, കേൾക്കാം. നല്ലതിനെ നല്ലതെന്ന് പറയുക. അല്ലാത്തത് അല്ലാ എന്നും. നഞ്ചിയമ്മയ്‌ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചത് വ്യക്തിപരമായി തനിക്ക് സന്തോഷമുണ്ട്. കാരണം സംഗീതം ഇന്നത്തെ പരിഷ്‌കൃത രൂപത്തിലേക്ക് വന്നത് ഇത്തരം പാട്ടുകളിൽ നിന്നാണ്. അതുകൊണ്ട് പുരസ്‌കാരം നൽകുമ്പോൾ ആ ഭാഗത്തിനും ശ്രദ്ധ ലഭിക്കുകയാണ്. അത് നല്ലതാണെങ്കിലോ. സംഗീതത്തിനായി ജീവിതം അർപ്പിച്ചവർക്ക് ഇത് വലിയ കാര്യമല്ല . അവാർഡിന് വേണ്ടിയല്ല അവർ സംഗീതത്തെ ജീവിതമാക്കുന്നതെന്നും സിത്താര വ്യക്തമാക്കി.
സമൂഹമാദ്ധ്യമങ്ങളിലെ അഭിപ്രായ പ്രകടനങ്ങളിൽ പ്രയോഗിക്കുന്ന ഭാഷ പലപ്പോഴും അതിരുകടക്കുന്നു. വ്യക്തിപരമായി പറയുകയാണെങ്കിൽ സിനിമയിലെ പാട്ടുകൾ സിനിമയിലെ സന്ദർഭങ്ങൾ മികച്ചതാക്കാനുള്ളതാണ്. അത് തിരിച്ചറിയണം. പുരസ്‌കാരം ലഭിക്കുന്നവരെ അഭിനന്ദിക്കുക എന്നതാണ് ചെയ്യാനുള്ളത്. സിനിമാ സംഗീതത്തിന് വലിയ പ്രാധാന്യമുള്ളതുകൊണ്ടുതന്നെ വലിയ ചർച്ചകൾ ഇതുമായി ബന്ധപ്പെട്ട് നടക്കുമെന്നത് വാസ്തവമാണ്.
സംഗീതത്തിന് വേണ്ടി ജീവിതം മാറ്റിവെച്ചവരുടെ ലക്ഷ്യങ്ങളിൽ ഒന്നല്ല സിനിമയിൽ പാടുക എന്നത്. അവർക്ക് ആഗ്രഹവുമില്ല. റിയാലിറ്റി ഷോകളിൽ പങ്കെടുക്കുന്നവരെ വലിയൊരു പിന്നണി ഗായികരാകട്ടെ എന്ന് ആശംസിക്കാനേ കഴിയൂ. സംഗീതത്തിൽ അവനവർക്ക് ഇഷ്ടമുള്ളത് ചെയ്യാൻ പറ്റട്ടേയെന്നേ പറയാൻ പറ്റുകയുള്ളൂ. അതിന്റേതായ കഴിവുള്ളവർക്കേ സിനിമയിൽ പാടാൻ കഴിയൂ എന്നും സിത്താര അഭിപ്രായപ്പെട്ടു.
Comments