ന്യൂഡൽഹി : നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ആറ് മണിക്കൂറിലധികമാണ് സോണിയയെ ഇന്നലെ ഇഡി ചോദ്യം ചെയ്തത്. രണ്ട് ദിവസത്തിനിടെ കേസുമായി ബന്ധപ്പെട്ട് 55 ചോദ്യങ്ങളാണ് കോൺഗ്രസ് അദ്ധ്യക്ഷയോട് ചോദിച്ചതെന്ന് കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു . രാഹുൽ ഗാന്ധിയോട് ചോദിച്ച ചോദ്യങ്ങളും ഉൾപ്പെട്ടിരുന്നു. ഇരുവരുടെയും മറുപടികളിൽ പൊരുത്തക്കേടുകൾ ഉണ്ടോയെന്ന് പരിശോധിക്കാനാണ് നീക്കം. കൂടുതൽ വിശദീകരണം വേണ്ടതിനാലാണ് ഇന്നും ഹാജരാകാൻ നിർദ്ദേശിച്ചത്.
ഇന്നലെ രാവിലെ 11 മണിയോടെയാണ് രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പം സോണിയ ഇഡി ഓഫീസിൽ എത്തിയത്. മെഡിക്കൽ സംഘത്തെ ഉൾപ്പെടെ സജ്ജീകരിച്ചായിരുന്നു ചോദ്യം ചെയ്യൽ പ്രിയങ്കയും ഇഡി ഓഫീസിൽ തന്നെ തുടർന്നു. രാത്രി ഏഴ് മണിയോടെയാണ് ചോദ്യം ചെയ്യൽ കഴിഞ്ഞ് സെൻട്രൽ ഡൽഹിയിലെ ഇഡി ഓഫീസിൽ നിന്ന് സോണിയ മടങ്ങിയത്.
ആദ്യ ദിവസം രണ്ട് മണിക്കൂറിലധികമാണ് ചോദ്യം ചെയ്യൽ നീണ്ടത്. അന്നും ഇടയ്‌ക്ക് ക്ഷീണം തോന്നിയാൽ വിശ്രമിക്കാനുളള സൗകര്യവും മെഡിക്കൽ പരിശോധനയ്‌ക്കുളള സംവിധാനങ്ങളും ഏർപ്പെടുത്തിയിരുന്നു. കൊറോണ ബാധിതയായിരുന്ന സോണിയയ്‌ക്ക് അതിന് ശേഷമുളള ആരോഗ്യ പ്രശ്നങ്ങൾ നേരത്തെ അവർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മെഡിക്കൽ സൗകര്യം ഉൾപ്പെടെ ഏർപ്പെടുത്തിയത്. 28 ചോദ്യങ്ങളാണ് അന്ന് ചോദിച്ചത്.
യങ്ങ് ഇന്ത്യ ലിമിറ്റഡിന്റെ രൂപീകരണത്തിലേക്ക് നയിച്ച കാര്യങ്ങളും കമ്പനിയുടെ ഡയറക്ടർ എന്ന നിലയിൽ ബോർഡ് യോഗങ്ങളിൽ എടുത്ത് തീരുമാനങ്ങളെ കുറിച്ചും ഇഡി വിവരങ്ങൾ തേടി. അതേസമയം ഇഡി നടപടിക്കെതിരെ പ്രതിഷേധം തുടരാനാണ് കോൺഗ്രസിന്റെ തീരുമാനം. അന്വേഷണ ഏജൻസിയെ കേന്ദ്രം ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ച് പാർലമെന്റിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകും. ചർച്ചക്ക് തയ്യാറായില്ലെങ്കിൽ പാർലമെൻറിലും പ്രതിഷേധിക്കാനാണ് തീരുമാനം.
Comments