ന്യൂഡൽഹി: സോണിയാ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യലിന് വിളിപ്പിച്ച സംഭവത്തിൽ ഇന്നലെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് 57 കോൺഗ്രസ് എംപിമാരെയും 250 പ്രവർത്തകരെയും കസ്റ്റഡിയിൽ എടുത്തതായി ഡൽഹി പോലീസ്. രാഹുൽ ഗാന്ധിയെ ഉൾപ്പെടെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. രാജേഷ് പൈലറ്റ് മാർഗിൽ ക്ലാരിഡ്ജസ് ഹോട്ടലിന് സമീപം ഒരു സ്വകാര്യ ഇരുചക്ര വാഹനം തീവെച്ചതായും പോലീസ് അറിയിച്ചു.
രാവിലെ 11 മണിയോടെ സോണിയ ഇഡി ഓഫീസിൽ എത്തിയതിന് പിന്നാലെയാണ് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഡൽഹിയിൽ പ്രതിഷേധവുമായി ഇറങ്ങിയത്. പോലീസിന്റെ നിർദ്ദേശം അവഗണിച്ച് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചതിനാണ് രാഹുലിനെ ഉൾപ്പെടെ കസ്റ്റഡിയിലെടുത്തത്. കിംഗ്സ് വേ പോലീസ് ക്യാമ്പിലായിരുന്ന രാഹുലിനെ രാത്രിയോടെയാണ് വിട്ടയച്ചത്.
അക്ബർ റോഡിലും വിജയ് ചൗക്കിലും പ്രതിഷേധിച്ചവരെയും പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. അതിനിടെ നേതാക്കളെ പോലീസുകാർ ഉപദ്രവിച്ചുവെന്ന കോൺഗ്രസിന്റെ ആരോപണത്തിൽ അന്വേഷണം നടത്തുമെന്നും ഡൽഹി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ രാജ്ഘട്ടിൽ പ്രതിഷേധിക്കാൻ കോൺഗ്രസ് അനുമതി തേടിയെങ്കിലും ഡൽഹി പോലീസ് നിഷേധിക്കുകയായിരുന്നു. ഇവിടെ നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു.
Comments