കൊൽക്കത്ത: എസ്എസ്സി അഴിമതി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് വീണ്ടും നടത്തിയ റെയ്ഡിൽ പശ്ചിമ ബംഗാൾ മുൻ വിദ്യാഭ്യാസ മന്ത്രി പാർത്ഥാ ചാറ്റർജിയുടെ സഹായിയും സുഹൃത്തുമായ അർപിത മുഖർജിയുടെ വസതിയിൽ നിന്നും 20 കോടിയിലധികം രൂപയും 3 കിലോ തൂക്കമുള്ള സ്വർണ്ണക്കട്ടിയും പിടിച്ചെടുത്തതായി അധികൃതർ വ്യക്തമാക്കി. തുക പിടിച്ചെടുത്തതിന് പിന്നാലെ നോർത്ത് 24 പർഗനസിലെ വസതിയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ( എസ്ബിഐ) ഉദ്യോഗസ്ഥർ എത്തി. വൻ പണശേഖരം കണ്ടെടുത്തതിനാൽ രാത്രി വൈകിയും എണ്ണിത്തിട്ടപ്പെടുത്തുമെന്ന് അറിയിച്ചു.കൂടുതൽ ബാങ്ക് ഉദ്യോഗസ്ഥരെ സ്ഥലത്ത് എത്തിക്കാനും തീരുമാനമായി. നിലവിൽ മൂന്ന് നോട്ടെണ്ണൽ മെഷീനുകൾ ഉപയോഗിച്ചാണ് ഉദ്യോഗസ്ഥർ തുക എണ്ണുന്നത്.
കൊൽക്കത്തയിലും പരിസരത്തുമുള്ള തന്റെ സ്വത്തുക്കളെ കുറിച്ച് മുഖർജി ഫെഡറൽ ഏജൻസിയെ അറിയിച്ചതിനെ തുടർന്നാണ് ഇഡി സ്ഥലങ്ങളിൽ റെയ്ഡ് നടത്തുന്നത്. നോർത്ത് 24 പർഗനസിലെ കുടുംബ വീടുൾപ്പെടെ രണ്ടിടങ്ങളിലാണ് റെയ്ഡ് നടത്തിയത്. കൂടുതൽ നിർണായക രേഖകളും പണവും കണ്ടെത്തുന്നതിനായാണ് മുഖർജിയുടെ ബെൽഗോറിയ, രത്തല വസതികളിൽ 12 ഓളം ഇഡി ഉദ്യോഗസ്ഥരും സിആർപിഎഫ് ഉദ്യോഗസ്ഥരും എത്തിയത്.
26 മണിക്കൂർ നീണ്ട റെയ്ഡിന് ശേഷമാണ് കൊൽക്കത്തയിലെ വസതിയിൽ നിന്നും ഇഡി പാർത്ഥ ചാറ്റർജിയെ അറസ്റ്റ് ചെയ്തത്. ഇയാളുടെ സഹായി അർപിത മുഖർജിയുടെ വസതിയിൽ നിന്നും 20 കോടിയിലധികം രൂപയും കണ്ടെടുത്തിരുന്നു. കൊൽക്കത്തയിലെ പ്രത്യേക പിഎംഎൽഎ കോടതി പാർത്ഥാ ചാറ്റർജിയെ ജൂലൈ 25 വരെ ഇഡി കസ്റ്റഡിയിൽ വിടുകയും തിങ്കളാഴ്ച ഇഡി റിമാൻഡ് നീട്ടുകയും ചെയ്തു. അർപിത മുഖർജിയെ ഓഗസ്റ്റ് 3 വരെ കസ്റ്റഡിയിൽ വിടുകയും ചെയ്തു.അന്വേഷണത്തിൽ അർപിത മുഖർജി സഹകരിക്കുന്നുണ്ടെന്നും പാർത്ഥ ചാറ്റർജി അങ്ങനെയല്ലെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
അനധികൃത നിയമനത്തിനായി തയ്യാറാക്കിയ മെറിറ്റ് ലിസ്റ്റും പണത്തിന്റെ കണക്കുകളും, ഇത്തരത്തിൽ ലഭിക്കുന്ന പണം ആരുടെ കൈകളിലെത്തണം തുടങ്ങി സുപ്രധാന വിവരങ്ങൾ അടങ്ങിയ ഡയറി കഴിഞ്ഞ ദിവസം മുഖർജിയുടെ വസതിയിൽ നിന്നും കണ്ടെടുത്തിരുന്നു.സ്ഥലത്ത് നിന്നും നോട്ട് എണ്ണുന്ന മെഷീനും ചില കോഡുകളും പ്രതീകങ്ങളും വഴി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും സ്‌കൂൾ വിദ്യാഭ്യാസ വകുപ്പിന്റെയും വിശദാംശങ്ങൾ തുടങ്ങിയ പ്രധാന വിവരങ്ങൾ ഡയറിയിലുണ്ട്.
















Comments