ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കൊഞ്ചുന്ന എട്ട് വയസ്സുകാരിയുടെ ചിത്രം സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറൽ ആകുന്നു. മദ്ധ്യപ്രദേശിലെ ഉജ്ജയിനിൽ നിന്നുള്ള ബിജെപി എം പി അനിൽ ഫിറോസിയയുടെ മകൾ അഹാനയാണ് മോദിക്കൊപ്പം സാമൂഹിക മാദ്ധ്യമങ്ങളിൽ താരമാകുന്നത്. പ്രധാനമന്ത്രിയെ ആദ്യമായി സന്ദർശിക്കാൻ പാർലമെന്റിൽ എത്തിയതായിരുന്നു ഫിറോസിയയും കുടുംബവും.
വിടർന്ന കണ്ണുകളും കുസൃതിച്ചിരിയുമായി തന്റെ അടുത്ത് നിന്നും മാറാതെ നിന്ന കുരുന്നിനോട് തമാശ രൂപേണ, താൻ ആരാണെന്ന് അറിയാമോ എന്ന് പ്രധാനമന്ത്രി ചോദിച്ചു. അതിനുള്ള കുഞ്ഞ് അഹാനയുടെ മറുപടി പ്രധാനമന്ത്രിയെ പൊട്ടിച്ചിരിപ്പിച്ചു. ‘എനിക്കറിയാം, താങ്കളാണ് മോദിജി. ഞാൻ താങ്കളെ ടിവിയിൽ കണ്ടിട്ടുണ്ടല്ലോ. താങ്കൾ ലോക്സഭയിലാണ് പണിയെടുക്കുന്നത്.‘ കുട്ടിയുടെ നിഷ്കളങ്കമായ മറുപടി കേട്ട് ഹാളിലുണ്ടായിരുന്ന ഏവരും പ്രധാനമന്ത്രിക്കൊപ്പം പൊട്ടിച്ചിരിച്ചു.
കുഞ്ഞ് അഹാനയെ ചേർത്തു നിർത്തി വിശേഷങ്ങൾ തിരക്കിയ പ്രധാനമന്ത്രി, മിഠായികൾ നൽകിയാണ് അവളെ യാത്രയാക്കിയത്. കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുടെ ആഹ്വാനം ഏറ്റെടുത്ത് ശരീരഭാരം കുറച്ചതിലൂടെ വാർത്തകളിൽ നിറഞ്ഞയാളാണ് അഹാനയുടെ അച്ഛനും ഉജ്ജയിനിലെ എം പിയുമായ അനിൽ ഫിറോസിയ.
ശരീരഭാരം കുറച്ചാൽ, കുറയ്‌ക്കുന്ന ഓരോ കിലോയ്‌ക്കും മണ്ഡലത്തിന്റെ വികസനത്തിനായി ആയിരം കോടി വീതം നൽകുമെന്നായിരുന്നു ഗഡ്കരിയുടെ വെല്ലുവിളി. ഇത് ഏറ്റെടുത്ത അനിൽ ഫിറോസിയ, വ്യായാമത്തിലൂടെയും സൈക്കിൾ ചവിട്ടിയും നീന്തിയും യോഗയിലൂടെയും 21 കിലോ ഭാരം കുറച്ചിരുന്നു.
















Comments