വേനൽക്കാലമായാലും മഴക്കാലമായാലും കാറിൽ എസിയില്ലാതെ സഞ്ചരിക്കാനാവില്ല. എന്നാൽ ദീർഘദൂര യാത്രകളിൽ കാർ അൽപ്പ നേരം വഴിയരികിൽ നിർത്തി എസി ഓൺ ചെയ്ത് വിശ്രമിക്കുന്നവർ ശ്രദ്ധിക്കുക. അപകടം ക്ഷണിച്ച് വരുത്തുന്ന രീതിയാണിത്. ലോകത്ത് നിരവധി പേർക്കാണ് ഇത്തരത്തിൽ ജീവഹാനി സംഭവിച്ചിട്ടുള്ളത്.
അപകടം സംഭവിക്കുന്നതിന്റെ കാരണം
പെട്രോൾ അല്ലെങ്കിൽ ഡീസൽ ജ്വലിപ്പിച്ചാണ് ഭൂരിഭാഗം കാറിന്റെയും എൻജിൻ പ്രവർത്തിക്കുന്നത്. പൂർണ്ണ ജ്വലനം നടക്കുമ്പോൾ കാർബൺ ഡൈ ഓക്‌സൈഡ്, നീരാവി എന്നിവയാണ് ഉണ്ടാകുക. എന്നാൽ അപൂർണ്ണമായ ജ്വലനം ഉണ്ടാകുമ്പോൾ ആവശ്യമായ ഓക്‌സിജന്റെ അഭാവത്തിൽ ചെറിയ അളവിൽ കാർബൺ മോണോ ഓക്‌സൈഡ് എന്ന വിഷവാതകം ഉണ്ടാവാൻ സാധ്യതയുണ്ട്. ഇത് എക്‌സോഹോസ്റ്റ് പൈപ്പിൽ ഘടിപ്പിച്ച ക്യാറ്റലിറ്റിക്ക് കൺവെർട്ടർ എന്ന സംവിധാനം വെച്ച് വിഷം അല്ലാത്ത കാർബൺ ഡൈ ഓക്‌സൈഡ് ആക്കി മാറ്റി പുറത്തേക്ക് വിടും. തുരുമ്പിച്ചോ, മറ്റു കാരണങ്ങൾ കൊണ്ട് ദ്രവിച്ചോ പൈപ്പിൽ ദ്വാരങ്ങൾ വീണാൽ ‘ക്യാറ്റലിറ്റിക്ക് കൺവെർട്ടറിൽ എത്തുന്നതിന് മുൻപ് തന്നെ കാർബൺ മോണോക്‌സൈഡ് എന്ന വിഷവാതകം പുറത്തേക്ക് വരാം. ഇത് കാറിലെ ബോഡിയിലുള്ള ദ്വാരങ്ങൾ വഴി കാബിനുള്ളിലേക്ക് പ്രവേശിക്കും.
ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ പുറത്തു നിന്നുള്ള വായു പ്രവാഹം കൊണ്ട് ഇത് അതിൽ നല്ലൊരു ഭാഗം ലയിച്ചു പോകും. പക്ഷേ നിർത്തിയിട്ട വാഹനത്തിൽ ഇത് ദ്വാരങ്ങളിൽക്കൂടി അകത്തേക്ക് കടക്കാം. ഇത് കുറെ സമയം ശ്വസിച്ചാൽ മരണം വരെ സംഭവിക്കാം . അത് കൊണ്ട് അപകട സാദ്ധ്യത കുറയ്‌ക്കാനായി എസി ഓൺ ചെയ്ത് നിർത്തിയിട്ട കാറിൽ ഉറങ്ങാതെ ഇരിക്കുക.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
- വാഹനത്തിൽ കയറിയാൽ ഉടൻ എസി ഓണാക്കരുത്. എസി ഇടുന്നതിന് മുൻപ് വാഹനത്തിന്റെ നാലു ചില്ലുകളും താഴ്‌ത്തി ചൂടുവായുവിനെ പുറത്തേക്ക് വിടുക. അതിന് ശേഷം മാത്രം എസി ഓൺ ചെയ്യുക.
- വാഹനത്തിൽ പ്രവേശിച്ചാൽ ഉടൻ റീ സർക്കുലേഷൻ ( കാറിലെ വായു മാത്രം സ്വീകരിക്കുന്ന രീതി) മോഡിലിഡരുത്.
- നിശ്ചിത ഇടവേളകളിൽ റീ സർക്കുലേഷൻ മോഡ് മാറ്റി പുറത്ത് നിന്നും വായു എടുക്കുന്ന മോഡ് ഇടുക.
- കാർ എസി ഓൺ ആക്കി നിർത്തിയിടുമ്പോൾ പുറത്ത നിന്ന് വായു സ്വീകരിക്കുന്ന മോഡിലായിരിക്കണം. സംവിധാനത്തിന് എന്തെങ്കിലും തകരാർ ഉണ്ടെങ്കിലും പുറത്തു നിന്ന് വായു വാഹനത്തിലേക്ക് വരുന്നത് ഗുണം ചെയ്യും.
- വാഹനം 25.000 മുതൽ 30,000 കിലോമീറ്റർ കൂടുമ്പോൾ എസി സർവ്വീസ് ചെയ്യുക.
Comments