അമരാവതി: അയൽവാസിയായ 14കാരനൊപ്പം ഒളിച്ചോടിയ 31 കാരി പിടിയിൽ. കൃഷ്ണ ജില്ലയിലെ ഗുഡിവാഡയിലായിരുന്നു സംഭവം. ഹൈദരാബാദിലേക്ക് കടന്ന ഇരുവരെയും പോലീസ് വാടക വീട്ടിൽ നിന്നുമാണ് പിടികൂടിയത്.
നാല് കുട്ടികളുടെ അമ്മയാണ് യുവതി. ഓൺലൈൻ ഗെയിം വഴിയായിരുന്നു ഇവർ അയൽവാസിയായ 14കാരനെ പരിചയപ്പെട്ടത്. തുടർന്ന് കുട്ടിയുമായി പ്രണയത്തിലാകുകയായിരുന്നു.
യുവതിയുമായി അടുത്തതോടെ കുട്ടിയ്‌ക്ക് സ്‌കൂളിൽ പോകാൻ മടിയായി. ഇതോടെ യുവതിയുടെ വീട്ടിലേക്ക് പോകുന്നതിന് മാതാപിതാക്കൾ കുട്ടിയ്‌ക്ക് വിലക്കേർപ്പെടുത്തി. ഇക്കാര്യം കുട്ടി യുവതിയെ അറിയിച്ചതോടെയാണ് ഇരുവരും കൂടി ഒളിച്ചോടാൻ തീരുമാനിച്ചത്.
ഈ മാസം 19 നായിരുന്നു സ്‌കൂളിലേക്ക് പോയ കുട്ടിയുമായി യുവതി കടന്നു കളഞ്ഞത്. ഏറെ വൈകിയും കുട്ടിയെ കാണാത്തതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ഭാഗങ്ങളിൽ അന്വേഷണം നടത്തുന്നതിനിടെയാണ് യുവതി പിടിയിലായത്.
വാടക വീട്ടിൽ ആയിരുന്നു യുവതി 14കാരനുമൊത്ത് താമസിച്ചിരുന്നത്. കയ്യിലെ പണം തീർന്നതോടെ യുവതി മാതാപിതാക്കളുമായി ബന്ധപ്പെട്ടു. ഇതിനിടെ ഫോൺ സിഗ്നൽ ലഭിച്ച പോലീസ് സ്ഥലം കണ്ടെത്തി യുവതിയെ പിടികൂടുകയായിരുന്നു.
സംഭവത്തിൽ യുവതിയ്‌ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. തട്ടിക്കൊണ്ട് പോയതിനും, പോക്‌സോ നിയമ പ്രകാരവുമാണ് കേസ് എടുത്തത്. കുട്ടിയെ പോലീസ് രക്ഷിതാക്കൾക്കൊപ്പം വിട്ടു.
















Comments