തൃശൂർ: മലയാള സിനിമയിൽ സ്ത്രീ കഥാപാത്രങ്ങൾക്ക് നല്ല പ്രാധാന്യം നൽകുന്നുണ്ടെന്ന് ദേശീയ പുരസ്‌കാര ജേതാവ് അപർണ ബാലമുരളി. നഞ്ചിയമ്മയുടെ പാട്ട് അതുല്യമെന്നും അവർ ദേശീയ പുരസ്‌കാരത്തിന് എന്തുകൊണ്ടും അർഹയാണെന്നും അപർണ പറഞ്ഞു. തൃശൂരിൽ മാദ്ധ്യമ പ്രവർത്തകരോട് സംവദിക്കുകയായിരുന്നു അപർണ.
തമിഴ് സിനിമയിലേക്കുള്ള തന്റെ പ്രയാണം ആരംഭിക്കുന്നത് മലയാളത്തിൽ നിന്നാണ്. മലയാള സിനിമയിൽ നല്ല സ്ത്രീ കഥാപാത്രങ്ങൾ വരുന്നുണ്ടെന്നും അർഹമായ പ്രാധാന്യം നൽകുന്നുണ്ടെന്നും അവർ പറഞ്ഞു. അഭിനേതാക്കളുടെ സീനിയോറിറ്റിയെ ബഹുമാനിക്കണമെന്നും അപർണ കൂട്ടിച്ചേർത്തു.
നഞ്ചിയമ്മയുടെ പാട്ട് ‘യുണീക്ക്’ ആണ്. മറ്റൊരാൾക്ക് അത്ര പെട്ടെന്ന് അതുപോലെ പാടി ഫലിപ്പിക്കാൻ സാധ്യവുമല്ല. അത്തരത്തിലൊരു പ്രതിഭയെ കണ്ടെത്തി സിനിമയിൽ ഫലപ്രദമായി ഉപയോഗിച്ചത് സംവിധായകൻ സച്ചിയുടെയും ആ സിനിമയുടെ അണിയപ്രവർത്തകരുടെയും മുഴുവൻ വിജയമാണ്. എന്തുകൊണ്ടും നഞ്ചിയമ്മയുടെ പാട്ട് ദേശീയ പുരസ്‌കാരത്തിന് അർഹമാണെന്നാണ് താൻ വിശ്വസിക്കുന്നതെന്നും അപർണ ബാലമുരളി പറഞ്ഞു.
ദേശീയ പുരസ്‌കാരം ലഭിച്ചതിന്റെ വിശേഷങ്ങളും സമകാലിക സംഭവങ്ങളെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളും അപർണ പങ്കുവെച്ചു. സിനിമയിൽ നിന്നും ഇതുവരെ ഉണ്ടായത് നല്ല അനുഭവങ്ങൾ മാത്രമാണെന്നും ഇനിയൊരു ബയോപിക്ക് ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അപർണ മാദ്ധ്യമങ്ങളോട് പറഞ്ഞു.
Comments