കൊൽക്കത്ത: പൊതുജനങ്ങളുടെ മുഖത്ത് നോക്കാൻ കഴിയാതെ വന്ന സാഹചര്യത്തിനൊടുവിൽ മന്ത്രിയെ പുറത്താക്കിയതിന് പിന്നാലെ സ്വയം പുകഴ്‌ത്തി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. വ്യവസായ മന്ത്രിസ്ഥാനത്ത് നിന്നും പാർത്ഥ ചാറ്റർജിയെ പുറത്താക്കിയ നടപടിയിൽ പ്രതികരിക്കുകയായിരുന്നു മമത.
അനധികൃതമായി അദ്ധ്യാപന നിയമനം നടത്തി കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ ഇഡിയുടെ അറസ്റ്റിലായ തൃണമൂൽ നേതാവ് പാർത്ഥ ചാറ്റർജിയെ പുറത്താക്കിയതിന് കാരണം പാർട്ടി കർശന നിലപാട് എടുക്കുന്നതിനാലാണെന്ന് മമത പ്രതികരിച്ചു. ”പാർത്ഥയെ ഞാൻ പുറത്താക്കി, കാരണം എന്റെ പാർട്ടി വളരെ സ്ട്രിക്റ്റ് ആണ്. പാർത്ഥയുടെ കേസിനെ ഉയർത്തിക്കാണിച്ച് തൃണമൂലിനെക്കുറിച്ചുള്ള ജനങ്ങളുടെ കാഴ്ചപ്പാട് മാറ്റാമെന്നാണ് ആരെങ്കിലും കരുതുന്നതെങ്കിൽ അത് നടക്കില്ല. അവർക്ക് തെറ്റിപ്പോയി.”മമത പ്രതികരിച്ചു.
പ്രതിപക്ഷത്ത് നിന്നും കനത്ത സമ്മർദ്ദമുണ്ടായതിന് പിന്നാലെ വ്യാഴാഴ്ച വൈകിട്ടോടെയാണ് മന്ത്രിസഭയിൽ നിന്നും പാർത്ഥ ചാറ്റർജിയെ മുഖ്യമന്ത്രി മമത ബാനർജി പുറത്താക്കിയത്. വ്യവസായം, ഐടി, പാർലമെന്ററികാര്യം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന പാർത്ഥയുടെ ചുമതലകൾ ഇനി മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
അഴിമതിയിലൂടെ പാർത്ഥ സ്വരൂപിച്ച അമ്പത് കോടിയോളം വരുന്ന പണം നടി അർപ്പിത മുഖർജിയുടെ ഫ്‌ളാറ്റുകളിൽ നിന്ന് കണ്ടെടുക്കുകയും ഇവ പാർത്ഥയുടേതാണെന്ന് നടി തന്നെ ഇഡിക്ക് മുമ്പിൽ വെളിപ്പെടുത്തുകയും ചെയ്തതോടെയാണ് മന്ത്രിയുടെ രാജി വേണമെന്ന ആവശ്യം ശക്തമായത്. തൃണമൂൽ നേതാക്കൾ ഉൾപ്പെടെയുള്ളവർ പാർത്ഥയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. ആദ്യം മൗനം തുടർന്ന പാർട്ടി നേതൃത്വം സമ്മർദ്ദങ്ങൾക്ക് വഴങ്ങി ഒടുവിൽ മന്ത്രിയെ പുറത്താക്കുകയായിരുന്നു.
















Comments