വാഷിംഗ്ടണിൽ : തമിഴ്‌നാട്ടിൽ നിന്ന് കൊള്ളയടിച്ചുകൊണ്ട് പോയ ചോള രാജ്ഞിയുടെ വെങ്കല പ്രതിമ വാഷിംഗ്ടണിലെ മ്യൂസിയത്തിൽ കണ്ടെത്തി. 1929 ൽ നാഗപ്പട്ടണത്തെ ക്ഷേത്രത്തിൽ നിന്നും കൊണ്ടുപോയ സെംബിയൻ മഹാദേവിയുടെ പ്രതിമയാണ് ഐഡൽ വിംഗ് പോലീസ് കണ്ടെത്തിയത്. ഇത് തിരികെ രാജ്യത്തെത്തിക്കാനുളള നടപടികളും ആരംഭിച്ചുകഴിഞ്ഞു.
1929-ൽ ന്യൂയോർക്കിലെ പ്രശസ്ത പുരാവസ്തു ഗവേഷകനായ ഹാഗോപ് കെവോർക്കിയനിൽ നിന്നാണ് ഫ്രീർ ഗ്യാലറി ഓഫ് ആർട്ട് ഈ വിശിഷ്ടമായ വെങ്കല വിഗ്രഹം വാങ്ങിയത്. 1962 ൽ കെവോർക്കിയൻ മരിച്ചു. എന്നാൽ വിഗ്രഹം ആരിൽ നിന്ന് എത്ര തുകയ്‌ക്ക് സ്വന്തമാക്കി എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ലെന്ന് പോലീസ് ഡയറക്ടർ ജനറൽ കെ ജയന്ത് മുരളി പറഞ്ഞു.
2015ൽ തന്റെ സന്ദർശന വേളയിൽ ഫ്രീർ ഗ്യാലറി ഓഫ് ആർട്ടിൽ സെംബിയൻ മഹാദേവിയുടെ വിഗ്രഹം കണ്ടതായി രാജേന്ദ്രൻ എന്നയാൾ വെളിപ്പെടുത്തി. തുടർന്ന് നാഗപ്പട്ടണത്ത് നിന്നും 25 കിലോമീറ്റർ അകലെയുള്ള സെംബിയൻ മഹാദേവി ഗ്രാമത്തിലെ കൈലാസനാഥ സ്വാമി ശിവൻ ക്ഷേത്രത്തിലെ ആളുകളുമായി ഈ വിവരം പങ്കുവെച്ചു. 2018 ലാണ് ഇത് സംബന്ധിച്ച് വേളാങ്കണ്ണി പോലീസിൽ പരാതി നൽകിയത്. തുടർന്ന് ഈ കേസ് ഐഡൽ വിംഗ് പോലീസിന് കൈമാറുകയായിരുന്നു.
ജയന്ത് മുരളി, പോലീസ് ഇൻസ്പെക്ടർ ജനറൽ ആർ ദിനകരൻ, ബി രവി പോലീസ് സൂപ്രണ്ട് എന്നിവരാണ് കേസന്വേഷണം മുന്നോട്ട് കൊണ്ടുപോയത്. കൈലാസനാഥ സ്വാമി ക്ഷേത്രത്തിലെ ശിലാ ലിഖിതങ്ങൾ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ എപ്പിഗ്രാഫി ബ്രാഞ്ചിന്റെ സഹായത്തോടെ അന്വേഷണ സംഘത്തിന് ലഭിച്ചു. 60 വർഷത്തിലേറെയായി അവിടെ ജോലി ചെയ്തിരുന്ന ക്ഷേത്ര ജീവനക്കാരോട് ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തി.
ചോള ചക്രവർത്തിയായ കണ്ഠരാദിധ്യ തേവരുടെ ഭാര്യയായിരുന്നു ചോള രാജ്ഞി സെംബിയൻ മഹാദേവി എന്ന് അന്വേഷണത്തിൽ കണ്ടെത്തി. ദമ്പതികൾക്ക് ഒരു പുത്രനുണ്ടായിരുന്നു- ഉത്തമചോള തേവർ അഥവാ മാതുരന്തഗ തേവർ എന്നായിരുന്നു പുത്രന്റെ പേര്.
സെംബിയൻ മഹാദേവിക്ക് 15 വയസ്സുള്ളപ്പോൾ ഭർത്താവിനെ നഷ്ടപ്പെട്ടു. അന്ന് മകന് ഒരു വയസ്സായിരുന്നു. ഭർത്താവിന്റെ മരണശേഷം, രാജ്ഞി തന്റെ ജീവിതം ക്ഷേത്രങ്ങൾ പണിയുന്നതിനും കലയെയും സംസ്‌കാരത്തെയും പ്രോത്സാഹിപ്പിക്കുന്നതിനുമായി സമർപ്പിച്ചു.
ചോള സാമ്രാജ്യത്തിലെ ഏറ്റവും ശക്തരായ രാജ്ഞികളിൽ ഒരാളായിരുന്നു അവർ. 60 വർഷക്കാലം നിരവധി ക്ഷേത്രങ്ങൾ നിർമ്മിക്കുകയും ദക്ഷിണേന്ത്യയിലെ നിരവധി ക്ഷേത്രങ്ങൾക്ക് ഉദാരമായ സമ്മാനങ്ങൾ നൽകുകയും ചെയ്തു. അവരുടെ കാലത്താണ് ഇഷ്ടിക ക്ഷേത്രങ്ങളിൽ നിന്ന് മാറി ഗ്രാനൈറ്റ് കൊണ്ട് ക്ഷേത്രങ്ങൾ പണിയാൻ ആരംഭിച്ചത്.
യുനെസ്‌കോ ഉടമ്പടി പ്രകാരം സെംബിയൻ മഹാദേവിയുടെ വിഗ്രഹം വീണ്ടെടുക്കാനും സെംബിയൻ മഹാദേവി കൈലാസനാഥർ ക്ഷേത്രത്തിൽ പുനഃസ്ഥാപിക്കാനും നടപടികൾ ആരംഭിച്ചതായി അധികൃതർ പറഞ്ഞു.
Comments