തിരുവനന്തപുരം: സംഗീതജ്ഞൻ ബാലഭാസ്‌കറിന്റെ മരണത്തിൽ തുടരന്വേഷണമില്ല. ബാലഭാസ്‌കറിന്റേത് അപകടമരണമാണെന്ന് കാണിച്ച് സിബിഐ സമർപ്പിച്ച റിപ്പോർട്ട് കോടതി അംഗീകരിച്ചു. അപകടമരണമല്ലെന്നും കേസിൽ പുനരന്വേഷണം വേണമെന്നുമുള്ള ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. തിരുവനന്തപുരം സിജെഎം കോടതിയാണ് ബാലഭാസ്കറിന്റെ മാതാപിതാക്കൾ നൽകിയ ഹർജി തള്ളിയത്. എന്നാൽ കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് ബാലഭാസ്‌കറിന്റെ പിതാവ് കെ.സി ഉണ്ണി പ്രതികരിച്ചു.
ബാലുവിന്റെ സാമ്പത്തിക ഇടപാടുകൾ അടക്കമുള്ള പല വിഷയങ്ങളും അന്വേഷണ സംഘം വിട്ടുകളഞ്ഞുവെന്നായിരുന്നു ഹർജി. കൂടാതെ കേസിൽ പരിശോധിക്കാതെ വിട്ടുപോയ കാര്യങ്ങൾ അന്വേഷിക്കാൻ പുതിയ സിബിഐ സംഘത്തെ ഉൾപ്പെടുത്തണമെന്നും കുടുംബം നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സിബിഐ സമർപ്പിച്ച റിപ്പോർട്ടിലെ അപകടമരണമാണെന്ന കണ്ടെത്തൽ കോടതി അംഗീകരിക്കുകയായിരുന്നു.
സ്വർണക്കടത്ത് സംഘത്തിന് ബാലുവിന്റെ മരണത്തിൽ പങ്കുണ്ടെന്ന ആരോപണത്തിൽ പിതാവ് കെ.സി ഉണ്ണി ഉറച്ചുനിൽക്കുകയാണ്. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിൽ ബാലഭാസ്‌കറിന്റെ മാനേജരായിരുന്ന പ്രകാശ് തമ്പി അറസ്റ്റിലായതിന്റെ പശ്ചാത്തലത്തിലാണ് മരണത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്ന ആരോപണത്തിൽ കുടുംബം ഉറച്ചുനിൽക്കുന്നത്. അതിനാൽ കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
















Comments