തിരുവനന്തപുരം: കേരളത്തിലെ സഹകരണ മേഖലയെ സിപിഎം അഴിമതി നടത്താനുള്ള ഉപാധിയാക്കി മാറ്റിയതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് നിക്ഷേപത്തുക പിൻവലിക്കാൻ സാധിക്കാതെ വന്നതിനാൽ ചികിത്സകിട്ടാതെ ഫിലോമിന എന്ന സ്ത്രീ മരിച്ച സംഭവം ഈ അഴിമതിയുടെ ഫലമാണ്. മുപ്പത് ലക്ഷം രൂപ ബാങ്കിൽ നിക്ഷേപം ഉണ്ടായിരുന്നിട്ട് കൂടി ഒരു അടിയന്തിര ഘട്ടത്തിൽ അവർക്ക് അത് പ്രയോജനപ്പെടുത്താൻ സാധിച്ചില്ലെന്നത് ഇതിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നതാണ്.
കേരളത്തിലെ സിപിഎം അഴിമതിഅഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കൂത്തരങ്ങായി മാറ്റിയ സിപിഎമ്മാണ് ഈ മരണത്തിന്റെ ഉത്തരവാദി. കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പ് പുറത്തുവന്നിട്ട് ഒരു വർഷം പിന്നിട്ടിട്ടും കേരളാ പൊലീസ് ഇതുവരെ കുറ്റപത്രം പോലും സമർപ്പിച്ചിട്ടില്ല. ഇപ്പോൾ മരിച്ച ഫിലോമിനയുടെ ഭർത്താവ് ദേവസി ഉൾപ്പടെ 11,000ത്തോളം പേരുടെ 312 കോടിയുടെ നിക്ഷേപമായിരുന്നു കരുവന്നൂർ ബാങ്ക് വിഴുങ്ങിയത്.
സിപിഎം അടക്കി വാഴുന്ന കേരളത്തിലെ സഹകരണ ബാങ്കിങ് മേഖലയിലെ പച്ചയായ യാഥാർഥ്യമാണ് ഈ സംഭവം തുറന്നുകാട്ടുന്നത്. സിപിഎം നിയന്ത്രിക്കുന്ന സാമ്പത്തിക സാമ്രാജ്യങ്ങളാണ് സഹകരണ ബാങ്കുകൾ. അവിടെ കള്ളപ്പണം വെളുപ്പിക്കൽ, അഴിമതിപ്പണം സൂക്ഷിക്കൽ മുതലായ സാമ്പത്തിക കുറ്റകൃത്യങ്ങൾ നിർലോഭം നടക്കുന്നു.
സുതാര്യത ഉറപ്പാക്കാതെ കേരളത്തിൽ അങ്ങോളമിങ്ങോളം നൂറുകണക്കിന് സഹകരണ സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. കേരളത്തിൽ 164 സഹകരണ ബാങ്കുകൾ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന സർക്കാരിന്റെ കണക്ക് അപൂർണ്ണമാണ്. കേരളത്തിലെ ഒട്ടുമിക്ക സഹകരണ ബാങ്കുകളും പ്രതിസന്ധിയിലാണ് എന്നതാണ് യാഥാർത്ഥ്യം. മന്ത്രി വാസവൻ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.
സഹകരണ മേഖലയെ രാഷ്‌ട്രീയ മുക്തമാക്കിയാൽ മാത്രമേ ഇത്തരം അഴിമതി പരമ്പര അവസാനിപ്പിക്കാൻ സാധിക്കുകയുള്ളൂ. സഹകരണ മേഖലയിലെ അഴിമതി അവസാനിപ്പിക്കാൻ സംസ്ഥാനത്തെ മുഴുവൻ നിക്ഷേപകരെയും അണിനിരത്തി ബിജെപി ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.
Comments