തിരുവനന്തപുരം: കറി പൗഡറുകളിൽ മായം ചേരുന്നുണ്ടോ എന്ന് പരിശോധിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന ക്യാമ്പയിനിന്റെ ഭാഗമായി പരിശോധന വ്യാപിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. എല്ലാ ജില്ലകളിലും പരിശോധന ശക്തമാക്കും. ഇതിനായി ജില്ലകളിൽ പ്രത്യേക സ്‌ക്വാഡുകളെ നിയോഗിക്കും.
പരിശോധനയിൽ ഭക്ഷ്യയോഗ്യമല്ലാത്ത സാമ്പിളുകള്‍ കണ്ടെത്തിയാല്‍ കറി പൗഡറുകൾ നിർമ്മിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. മോശമായ കറി പൗഡറുകൾ പിടിച്ചെടുത്താൽ അവ പൂര്‍ണ്ണമായും വിപണിയില്‍ നിന്നും പിന്‍വലിക്കാന്‍ നടപടി കൈക്കൊള്ളും. ഇത് സംബന്ധിച്ച് വില്പനക്കാരനും കമ്പനിയ്‌ക്കും നോട്ടീസ് നൽകും. നിയമാനുസൃതമായ നടപടി ഇവർക്കെതിരെ ഉണ്ടാകുമെന്നും വീണാ ജോർജ്ജ് കൂട്ടിച്ചേർത്തു.
കറി പൗഡറുകളുടെ പരിശോധനയ്‌ക്കായി മൊബൈല്‍ ലാബുകളും ഉപയോഗിക്കും. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ മുന്നോട്ട് വെയ്‌ക്കുന്ന സ്റ്റാന്‍ഡേര്‍ഡില്‍ ഉത്പന്നങ്ങൾക്ക് വ്യത്യാസം കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കും. സര്‍ക്കാരിന്റെ നിര്‍ദ്ദേശം അനുസരിച്ച് സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധനകള്‍ ശക്തമാക്കിയിരിക്കുകയാണ്. 9,005 പരിശോധനകളാണ് സംസ്ഥാന വ്യാപകമായി നിലവിൽ ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയിട്ടുള്ളത്.
















Comments