ഇൻസ്റ്റഗ്രാമിലൂടെ ക്ഷമാപണം നടത്തി വിൽസ്മിത്ത്. ഓസ്‌കർ ചടങ്ങ് വേദിയിൽ അവതാരകൻ ക്രിസ് റോക്കിനെ തല്ലിയ സംഭവം നടന്ന് മാസങ്ങൾ പിന്നിടുമ്പോഴാണ് ക്ഷമാപണ വീഡിയോയുമായി വിൽസ്മിത്ത് എത്തിയത്.
”ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുന്നു. എന്റെ പെരുമാറ്റം അംഗീകരിക്കാൻ കഴിയാത്തതായിരുന്നു, നിങ്ങൾ സംസാരിക്കാൻ തയ്യാറാകുമെങ്കിൽ, ഞാൻ ഇവിടെയുണ്ടെന്ന് അറിയിക്കുകയാണ്.” സ്മിത്ത് വീഡിയോയിൽ പറഞ്ഞു. ഏകദേശം ആറ് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയാണ് സ്മിത്ത് പോസ്റ്റ് ചെയ്തത്. ക്രിസ് റോക്കിനെ സമീപിച്ചിരുന്നതായും എന്നാൽ അദ്ദേഹം സംസാരിക്കാൻ തയ്യാറായിരുന്നില്ലെന്നും സ്മിത്ത് അറിയിച്ചു.
നേരത്തെയും മാപ്പ് അപേക്ഷിച്ച് വിൽ സ്മിത്ത് രംഗത്തെത്തിയിരുന്നു. അവതാരകനെ മുഖത്തടിച്ച സംഭവത്തിൽ ഓസ്‌കർ അക്കാദമിയോടും സഹപ്രവർത്തകരോടും അദ്ദേഹം മാപ്പ് പറഞ്ഞു. പിന്നാലെ ക്രിസ് റോക്കിനോടും സ്മിത്ത് മാപ്പ് ചോദിച്ചു. ചെയ്തത് തെറ്റാണെന്നും അതിരുകടന്നുപോയെന്നുമായിരുന്നു സ്മിത്ത് പറഞ്ഞത്.
ഭാര്യയുടെ രോഗത്തെക്കുറിച്ചുള്ള തമാശ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു എന്ന് സ്മിത്ത് പ്രതികരിച്ചു. പുരസ്‌കാര വേദിയിൽ സ്മിത്തിന്റെ ഭാര്യയായ ജെയ്ഡ സ്മിത്തിനെക്കുറിച്ച് അവതാരകനായ ക്രിസ് റോക്ക് നടത്തിയ പരാമർശം ഇഷ്ടപ്പെടാതിരുന്നതായിരുന്നു കരണത്തടിയിലേക്ക് വഴിവെച്ചത്. ഇതിന് പിന്നാലെ സംഭവം വലിയ വിവാദമാകുകയും ചെയ്തിരുന്നു.
















Comments