ഉത്തർപ്രദേശ്: ജനങ്ങൾക്ക് ബുദ്ധിമുട്ടാകുന്ന യാതൊരു കാര്യങ്ങളും സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകില്ല എന്ന് യു പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് പറഞ്ഞു. നിലവിൽ ഇന്ത്യയിൽ പെട്രോൾ , ഡീസൽ വിലയിൽ ഏറ്റവും കുറവ് വാറ്റ് ചുമത്തിയിട്ടുള്ളത് യു പി സർക്കാരാണ്. പാവപ്പെട്ട ജനങ്ങളുടെ മേൽ അമിതഭാരം അടിച്ചേൽപ്പിക്കാൻ സർക്കാർ ഒരിക്കലും ആഗ്രഹിക്കുന്നില്ല. മറ്റു സംസ്ഥാനങ്ങളിൽ ഇന്ധന വില വർധിക്കുകയാണെങ്കിലും യു പിയിൽ അതുണ്ടാകില്ല. സർക്കാർ ജനങ്ങളെ ഒരു കാരണവശാലും ബുദ്ധിമുട്ടിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ പെട്രോളിന്റെയും ഡീസലിന്റെയും മൂല്യ വർധിത നികുതി സംസ്ഥാനത്ത് കുറവാണ്. ജനങ്ങളെ ദുരിതത്തിലാക്കിയുള്ള ഒരു നടപടിയും സർക്കാർ കൈക്കൊള്ളില്ല. പണം കണ്ടെത്താൻ റവന്യൂ കളക്ഷൻ പോലുള്ള സംവിധാനങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തും. ഇതിലൂടെ സർക്കാരിനാവശ്യമായ പണം കണ്ടെത്താൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
റവന്യു വകുപ്പുമായി കൂടി കാഴ്ച നടത്തിയ യോഗി സംസ്ഥാനത്തിന്റെ വളർച്ചക്ക് കൂടുതൽ കാര്യങ്ങൾ ചെയ്യാനുള്ള നടപടികളെ കുറിച്ച് ശുപാർശ ചെയ്തു. ധനമന്ത്രി സുരേഷ് ഖന്നയുൾപ്പെടുന്നവർ പങ്കെടുത്ത യോഗത്തിൽ നിരവധി വിഷയങ്ങളെക്കുറിച്ച് അഭിപ്രായങ്ങൾ ശേഖരിക്കുകയും, സർക്കാർ ജനങ്ങളുടെ പുരോഗതിയാണ് ലക്ഷ്യമിടുന്നതെന്നും അതിനായി നിരവധി പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
സംസ്ഥാനത്തെ ജി എസ് ടി രജിസ്ട്രേഷന്റെ അവസ്ഥ, വാറ്റ് പിരിവ് , നികുതി തട്ടിപ്പ് തടയാനുള്ള മാർഗ്ഗങ്ങൾ തുടങ്ങിയ കാര്യങ്ങൾ സോൺ കമ്മീഷണർമാരിൽ നിന്നും ചോദിച്ചു മനസ്സിലാക്കി. സംസ്ഥാനത്തിന്റെ മുന്നോട്ടുള്ള വളർച്ചയിൽ റവന്യു മേഖലയിൽ ശക്തമായ നിയമ നടപടികൾ സ്വീകരിക്കാനും കാര്യ ക്ഷമമായിട്ട് ഇവ കൊണ്ടുപോകാനുമുള്ള രീതികളെ കുറിച്ചും ആലോചന നടന്നു എന്നും അദ്ദേഹം പറഞ്ഞു.
















Comments