ചെയ്യുന്ന ഓരോ കർമ്മത്തിനും പ്രതിഫലം കാത്തിരിക്കുന്നവരാണ് നാം. നല്ല കർമ്മങ്ങൾക്കും ചീത്ത കർമ്മങ്ങൾക്കും അതിന്റേതായ കർമ്മഫലം ലഭിക്കുമെന്നാണ് വിശ്വാസം. പണ്ടൊക്കെ പിന്നീടായിരുന്നെങ്കിൽ ഇപ്പോൾ അപ്പപ്പോൾ കൊടുക്കുന്നുണ്ടെന്ന് ചിലർ തമാശരൂപേണ പറയാറുമുണ്ട്. കർമ്മഫലം ‘ഇൻസ്റ്റന്റ്’ ആയി കിട്ടുന്നുണ്ടെന്ന് സൂചിപ്പിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
ബോളിവുഡ് നടൻ ശക്തി കപൂറാണ് തന്റെ ഇൻസ്റ്റഗ്രാമിലൂടെ വീഡിയോ പങ്കുവെച്ചത്. ഒരു യുവാവ് തന്റെ കഴുതയെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങളോടെയാണ് വീഡിയോ തുടങ്ങുന്നത്. കഴുതയെ തലങ്ങും വിലങ്ങും അടിക്കുകയും ചവിട്ടുകയും കുത്തുകയുമെല്ലാം യുവാവ് ചെയ്യുന്നുണ്ട്.
തന്റെ അടിമയാണ് കഴുതയെന്ന ഭാവത്തിലാണ് യുവാവിന്റെ പെരുമാറ്റം. ഒടുവിൽ കഴുതയുടെ പുറത്തുകയറി യുവാവ് ഇരുന്നതോടെ സീൻ മാറി. കുതറിയ കഴുത യുവാവിനെ നിലത്തിടുകയും കമിഴ്ന്നടിച്ച് വീണ യുവാവിന്റെ കാൽ കടിച്ചുപിടിച്ച് കഴുത വട്ടം കറങ്ങുകയും ചെയ്തു. ക്രൂരമായി തന്നെ മർദ്ദിച്ച യജമാനന് അപ്പോൾ തന്നെ മറുപടി നൽകിയ കഴുത ഇതോടെ താരമായി. ഈ ദൃശ്യങ്ങളോടെ വീഡിയോ അവസാനിക്കുകയും ചെയ്തു. എന്നാൽ പിന്നീട് കഴുതയ്‌ക്കും യുവാവിനും എന്ത് സംഭവിച്ചുവെന്നത് വ്യക്തമല്ല.
ഒരു ലക്ഷത്തോളം കാഴ്ചക്കാരുണ്ടായ ഈ വീഡിയോ ‘കഴുതയുടെ പ്രതികാര’മെന്ന പേരിലാണ് വൈറലാകുന്നത്. യുവാവിന് അർഹിച്ചത് കിട്ടിയെന്നും ഈ വീഡിയോ ഒരു സിനിമയായി കണക്കാക്കിയാൽ അവസാന പകുതിയാണ് കിടിലനെന്നും പലരും അഭിപ്രായപ്പെട്ടു.
Comments