തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പിനിരയായ തൃശ്ശൂർ മാപ്രാണം സ്വദേശി ജോസഫിനും കുടുംബത്തിനും കൈതാങ്ങായി മുൻ എംപിയും നടനുമായ സുരേഷ് ഗോപി. വൃക്കരോഗിയായ ജോസഫ് സെറിബ്രൽ പാൾസി ബാധിച്ച രണ്ടു മക്കളുടെ പിതാവ് കൂടിയാണ്. കുട്ടികളുടെ ചികിത്സയ്‌ക്കായി ബാങ്ക് തനിക്ക് പണം നൽകിയില്ല എന്ന് ജോസഫ് പറഞ്ഞിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ സഹായഹസ്തവുമായി സുരേഷ് ഗോപി എത്തുകയായിരുന്നു.
കുട്ടികളുടെ ചികിത്സയ്‌ക്കായി പണം നൽകുമെന്ന് സുരേഷ് ഗോപി കുടുംബത്തെ അറിയിച്ചു. പത്ത് ലക്ഷം രൂപയാണ് ജോസഫും ഭാര്യ റാണിയും കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ചിട്ടുള്ളത്. വൃക്കരോഗിയായ ജോസഫിന്റെ കുടുംബത്തെയും അസുഖങ്ങൾ അലട്ടുകയാണ്. ഭാര്യ റാണിയ്‌ക്ക് വയറ്റിൽ മുഴ ഉണ്ടെന്നും ഈയിടെ സ്ഥിരീകരിച്ചിരുന്നു. ഇതോടെ തന്റെയും കുടുംബത്തിന്റെയും ചികിത്സയ്‌ക്കായും ജീവിത ചിലവുകൾക്കായും ബുദ്ധിമുട്ടുകയാണ് ജോസഫ്. ഈ അവസ്ഥയിലാണ് നടന്റെ സഹായം വലിയ ആശ്വാസമായി മാറുന്നത്.
കരുവന്നുർ ബാങ്ക് തട്ടിപ്പിൽപ്പെട്ട് ജീവിതത്തിന്റെ വെളിച്ചം നഷ്ടപ്പെട്ട കുടുംബങ്ങളാണ് മാപ്രാണം ജോസഫിന്റെയും ഷിജുവിന്റെയും. ജോസഫിന്റെ 10 ലക്ഷവും ഷിജുവിന്റെ 15 ലക്ഷവുമാണ് നിക്ഷേപം. സംഭവത്തിൽ ബാങ്കിനെതിരെ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് നാട്ടുകാർ.
Comments